ഒരേ മരുന്നുകൾക്ക് പല വില ഈടാക്കി മെഡികെയർ ഫാർമസികൾ
text_fieldsഒരേ മരുന്നിന് ജില്ല ആശുപത്രിയിലും ജില്ല വനിത-ശിശു ആശുപത്രിയിലുമുള്ള മെഡികെയർ ഫാർമസിയിൽ വ്യത്യസ്ത തുക ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നു
പാലക്കാട്: കലക്ടർ ചെയർമാനായുള്ള ജില്ലയിലെ മെഡികെയർ ഫാർമസികളിൽ ഒരേതരം മരുന്നുകൾക്ക് ഈടാക്കുന്നത് പല വില. നെബുലൈസർ മാസ്കിന് വനിത-ശിശു ആശുപത്രിയിൽ 100 രൂപ ഈടാക്കുമ്പോൾ ജില്ല ആശുപത്രിയിൽ 120 രൂപയാണ് വില. ചിറ്റൂരിൽ 149 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തിൽ ഓക്സിജൻ മാസ്ക്, പാരസെറ്റമോൾ 100 എം.എൽ ഐവി, അണ്ടർ പാഡ്, ഈസി ഫിക്സ്, ഈസി ഗ്ലെെഡ്, പി.എം.ഒ ലൈൻ 200, ടോപ്പ് ഒ പ്ലാസ്റ്റ് തുടങ്ങി നിരവധി മരുന്നുകളിൽ നിരക്ക് വ്യത്യാസമുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്.
ഓക്സിജൻ മാസ്കിന് ജില്ല ആശുപത്രിയിൽ 70 രൂപ ഈടാക്കുമ്പോൾ വനിത-ശിശു ആശുപത്രിയിൽ 100 രൂപയാണ് വാങ്ങുന്നത്. പാരസെറ്റമോളിന് ജില്ല ആശുപത്രിയിൽ 100ഉം വനിതശിശു ആശുപത്രിയിൽ 150 രൂപയുമാണ് വില. അണ്ടർ പാഡ് ജില്ല ആശുപത്രിയിൽ 50 രൂപക്ക് നൽകുമ്പോൾ വനിത-ശിശു ആശുപത്രിയിൽ 56 രൂപക്കാണ് കൊടുക്കുന്നത്. ഈസി ഫിക്സ് ജില്ല ആശുപത്രിയിൽ 20 രൂപക്കും വനിത-ശിശു ആശുപത്രിയിൽ 25 രൂപക്കുമാണ് നൽകുന്നത്. ഈസി ഗ്ലെെഡിന് യഥാക്രമം 30, 25 രൂപയാണ് ഇരു ആശുപത്രികളിലും വില. ടോപ്പ് ഒ പ്ലാസ്റ്റിന് ജില്ല ആശുപത്രിയിൽ 150 രൂപ ഈടാക്കുമ്പോൾ വനിതശിശു ആശുപത്രിയിൽ 306 രൂപയാണ് വാങ്ങുന്നത്.
മരുന്നുകമ്പനികളെ വഴിവിട്ട് സഹായിക്കാൻ ജീവനക്കാർ നടത്തുന്ന ആസൂത്രിത നീക്കമാണ് വില വ്യത്യാസത്തിന് പിന്നിലെന്നാണ് ആരോപണം. കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനികളെ പിന്തള്ളിയാണ് കമീഷനും ഓഫറുകളും നൽകുന്ന കമ്പനികളുടെ മരുന്നുകൾ പല വിലക്ക് വാങ്ങുന്നതെന്നും ആരോപണമുണ്ട്.
ഡോക്ടർ കുറിച്ചുനൽകുന്ന വില കുറവുള്ള മരുന്നുകൾക്ക് പകരം മരുന്നു കമ്പനികളുടെ താൽപര്യപ്രകാരം സബ്സ്റ്റിറ്റ്യൂട്ട് മരുന്നുകൾ നൽകുന്നതും ഇവിടെ പതിവാണ്. സർക്കാർ ആശുപത്രിയിലെ രോഗികൾക്ക് ന്യായവിലക്ക് മരുന്നു ലഭ്യമാക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഫാർമസി പ്രവർത്തനത്തിന് ആശുപത്രികളിൽ സ്ഥലം അനുവദിച്ചിരിക്കുന്നത്. ആലത്തൂർ, കുഴൽമന്ദം, നെന്മാറ, ചിറ്റൂർ, കോട്ടത്തറ എന്നിവിടങ്ങളിലും മെഡികെയർ ഫാർമസിക്ക് ശാഖകളുണ്ട്.
മെഡികെയറിന്റെ ചെയർമാൻ കലക്ടറും ജില്ല ആശുപത്രി സൂപ്രണ്ട് മെമ്പർ സെക്രട്ടറിയുമാണ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി അംഗം ബോബൻ മാട്ടുമന്ത കലക്ടർക്ക് പരാതി നൽകി. ഡോക്ടർ കുറിച്ചു നൽകുന്ന മരുന്നുകൾ ലഭ്യമാക്കാനും നിരക്കുകളിലെ വ്യത്യാസം ഏകീകരിക്കാനുമുള്ള ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യം അടുത്ത ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ഉന്നയിക്കാനാണ് തീരുമാനം.
സെൻട്രലെസ്ഡ് പർച്ചേസ് അടിസ്ഥാനത്തിലാണ് ജില്ലയിലേക്കുള്ള മരുന്നുകൾ വാങ്ങിക്കുന്നത്. ശേഷം ആവശ്യപ്പെടുന്നതിന് അനുസരിച്ച് മെഡിക്കൽ ഷോപ്പുകളിലേക്ക് വിതരണം ചെയ്യും. പല വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പരാതി ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടി എടുക്കുമെന്നും മെഡികെയർ സൂപ്രണ്ട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.