ഗ്രാമീണ ശാസ്ത്രഗവേഷണ രംഗത്ത് വഴികാട്ടിയായി മുണ്ടൂർ ഐ.ആർ.ടി.സി
text_fieldsമുണ്ടൂർ: ഗ്രാമീണ ശാസ്ത്ര-സാങ്കേതിക ഗവേഷണ രംഗത്ത് മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കണ്ടുപിടിത്തങ്ങളിൽ നിർണായക പങ്ക് വഹിച്ച സ്ഥാപനമാണ് മുണ്ടൂർ സംയോജിത ഗ്രാമീണ സാങ്കേതിക കേന്ദ്രം (ഐ.ആർ.ടി.സി). 1987ൽ ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപിച്ച ഐ.ആർ.ടി.സി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിക്കുന്നത് 1995ലാണ്.
ഔഷധസസ്യ സംരംക്ഷണത്തിന്റെയും സ്വയംപര്യാപ്തതയുടെയും കൊച്ചു ഗവേഷണങ്ങളോടെ തുടങ്ങി. സോളാർ റാന്തൽ നിർമിച്ച് ജനങ്ങൾക്ക് ലഭ്യമാക്കി. പിന്നീട് സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും വഴികാട്ടിയായി.
പ്രളയാനന്തര കാലത്ത് മലയോര മേഖലയിലും സുനാമിയിൽ തകർന്ന തീരദേശ മേഖലയിലും പുനരധിവാസ പുനരുജ്ജീവന വഴികൾ തുറന്നു. മീൻവല്ലം പദ്ധതിക്ക് പഠന റിപ്പോർട്ട് തയാറാക്കിയതും മുണ്ടൂർ ഐ.ആർ.ടി.സിയിലെ ശാസ്ത്രപ്രതിഭകളാണ്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാർഷിക രീതി, ജല സംരക്ഷണത്തിന് മഴക്കൊയ്ത്ത് എന്നിവ വികസിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ്, കുന്നംകുളം നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യ സംസ്കരണത്തിന് പദ്ധതി തയാറാക്കി. കാലികമായ പഠനങ്ങൾക്ക് പുതിയ ദിശാബോധം വളർത്തുന്ന സ്ഥാപനമാകാൻ ഐ.ആർ.ടി.സിക്ക് സാധിച്ചതായി ഐ.ആർ.ടി.സി രജിസ്ട്രാർ രാഘവൻ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കാർബൺ ന്യൂട്രൽ പദ്ധതിക്ക് പരിശീലനവും നൽകി വരുന്നു. വാട്ടർഷെഡ് മാനേജ്മെന്റ് പദ്ധതി നഗരസഭകളിൽ തുടക്കമിടുന്നതിനും പരിശീലനം നൽകുന്നു. കാലാവസ്ഥാനുസൃത മാലിന്യ സംസ്കരണ മാതൃകകൾ ഗുരുവായൂരിലും മൂന്നാറിലും അവതരിപ്പിച്ചതും ഈ സ്ഥാപനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.