മുണ്ടൂർ- തൂത പാത നവീകരണം രണ്ട് മാസത്തിനകം പൂർത്തിയാക്കും
text_fieldsകോങ്ങാട്: മുണ്ടൂർ-തൂത സംസ്ഥാന പാത രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ് എൻജിനീയർ ‘മാധ്യമ’ത്തോട് പറഞ്ഞു. പാതക്ക് 36 കിലോമീറ്റർ ദൈർഘ്യമുണ്ട്. 30 കിലോമീറ്റർ പരിധിയിൽ പാതയുടെ നവീകരണത്തിന് പശ്ചാത്തല സൗകര്യമൊരുക്കിയിട്ടുണ്ട്. അഴുക്കുചാൽ, കലുങ്ക്, പാലങ്ങൾ എന്നിവയുടെ നിർമാണം 95 ശതമാനം കെ.എസ്.ടി.പിയുടെ കീഴിൽ, റോഡിന്റെ പുനർനിർമാണം ഏറ്റെടുത്ത ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എം.സി. നിർമാണ കമ്പനി പൂർത്തിയാക്കി. മുണ്ടൂർ വില്ലേജ് ഓഫിസ്, കോങ്ങാട് ചല്ലിക്കൽ, കടമ്പഴിപ്പുറം പതിനാറാം മൈൽ, കാറൽമണ്ണ എന്നിവിടങ്ങളിൽ പാതയുടെ ഉപരിതലം പുതുക്കി പണിയാൻ മെറ്റൽ വിരിച്ചു.
കടമ്പഴിപ്പുറം, പാറശ്ശേരി എന്നിവയടക്കം അഞ്ച് ചെറു പാലങ്ങളുടെ നിർമാണം പൂർത്തിയായി. ഇനി നാട്ടുകാരുടെ പരാതി പ്രകാരം നിർത്തിവെച്ച ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് ഭാഗത്തെ പാലം ഉടൻ നിർമിക്കും. മഴ കനത്ത പശ്ചാത്തലത്തിൽ തൂത പാലത്തിന്റെ വീതി കൂട്ടി പുനരുദ്ധാരണം നടത്തുന്ന പ്രവൃത്തിയും രണ്ടാഴ്ചക്കകം വീണ്ടും തുടങ്ങും. പ്രതികൂല കാലാവസ്ഥ കാരണം ഇടക്കാലത്ത് മാസങ്ങളോളം പലയിടങ്ങളിലും റോഡ് പണി തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യം പരിഗണിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം നവംബർ അവസാനവാരത്തിൽ പാത നവീകരണം പൂർത്തിയാക്കാൻ സാവകാശം നൽകിയിട്ടുണ്ട്. ലോക ബാങ്കിന്റെ ധനസഹായത്തോടെ 323 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്ന് വർഷം മുമ്പ് മുണ്ടൂർ-തൂത റോഡിന്റെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. നിലവിൽ ചെർപ്പുളശ്ശേരി, തൂത ഭാഗങ്ങളിലാണ് പാത വീതി കൂട്ടിയ സ്ഥലങ്ങളിൽ മെറ്റൽ വിരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. കോങ്ങാട് പഞ്ചായത്തിലെ പെരിങ്ങോട് ഭാഗത്ത് കൂറ്റൻ പാറക്കെട്ടുകൾ പൊളിച്ച് നീക്കി പാത വീതി കൂട്ടുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഈ പാതയുടെ നിർമാണം പൂർത്തിയാവുന്നതോടെ പാലക്കാട് മേഖലയിൽനിന്ന് മുണ്ടൂർ, കോങ്ങാട്, ചെർപ്പുളശ്ശേരി വഴി പെരിന്തൽമണ്ണ വഴി കോഴിക്കോട്ടേക്ക് സുഗമ സഞ്ചാരത്തിന് പാതയൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.