ഇരട്ടക്കൊല: ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം
text_fieldsപാലക്കാട്: കൊലപാതക രാഷ്ട്രീയം എല്ലാവരും ഉപേക്ഷിക്കണമെന്നും ജീവനെടുക്കുന്ന രാഷ്ട്രീയം നാടിന് ആപത്താണെന്നും വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി. 24 മണിക്കൂറിനുള്ളിൽ നടന്ന രണ്ടുപേരുടെ കൊലപാതങ്ങൾ ജില്ലയിലെ സമാധാനന്തരീഷം തകർത്തിരിക്കുന്നു. കേരളത്തിൽ നിരന്തരമായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെയും ഗുണ്ട വിളയാട്ടത്തെയും നേരിടുന്നതിൽ കേരള ആഭ്യന്തരവകുപ്പ് വൻ പരാജയവുമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്ത് ആയിരത്തിലധികം കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു. ഇതിൽ നല്ലൊരു പങ്ക് രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളിൽ ഗൂഢാലോചകരെയോ കൊലപാതകത്തിന് നേതൃത്വം നൽകുന്ന ഉന്നതരെയോ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ പൊലീസ് സംവിധാനം പരാജയമാണ്. രാഷ്ട്രീയ പാർട്ടികൾ കൊലക്കത്തി താഴെ വെക്കണമെന്നും ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പാലക്കാട്: ജില്ലയിലെ ഇരട്ട കൊലപാതകം തീര്‍ത്തും അപലപനീയമാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളെ മുഖം നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പഴുതടച്ച അന്വേഷണവും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷയും നല്കാത്തിടത്തോളം കാലം അരുംകൊലകള്‍ ആവര്‍ത്തിക്കും. കൊലക്കത്തി എടുക്കുന്നവരെയും അതിന് പ്രചോദനം നല്കുന്നവരെയും ഒറ്റപ്പെടുത്താന്‍ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കുന്നവർ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ല ഭാരവാഹികളായ എന്‍.കെ. സിറാജുദ്ദീന് ഫൈസി വല്ലപ്പുഴ, ഷൗക്കത്ത് ഹാജി കോങ്ങാട്, എം.വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, കെ. ഉമര്‍ മദനി വിളയൂര്‍, കെ. നൂര്‍ മുഹമ്മദ് ഹാജി പാലക്കാട്, സിദ്ദീഖ് ഹാജി തില്ലങ്കാട് എന്നിവര്‍ സംസാരിച്ചു.
പാലക്കാട്: രാഷ്ട്രീയ പാർട്ടികൾ അക്രമ, കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പാലക്കാട് ജില്ലയിലെ ഇരട്ട കൊലപാതകത്തിന് കാരണമെന്നും ഇതിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൊലക്കത്തി താഴെ വെക്കാൻ ബന്ധപ്പെട്ട കക്ഷികൾ തയാറാകണം. സുബൈറിന് നേരെ ആക്രമണ സാധ്യതയുള്ളതിനാൽ പോലീസ് സുരക്ഷ നൽകണമെന്ന് പൊലീസിനെ അറിയിച്ചതായാണ് മനസ്സിലാകുന്നത്. സുരക്ഷ ശക്തമാക്കേണ്ട സമയത്ത് നഗര മധ്യത്തിൽ വീണ്ടും കൊലപാതകം നടന്നത് പോലീസിന്റെ ജാഗ്രതക്കുറവ് കൂടുതൽ വ്യക്തമാക്കുകയാണ്. കൊലപാതകങ്ങളിൽ പങ്കാളികളായവരെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ഫിറോസ് എഫ്. റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.എം. സാബിർ അഹ്സൻ, ഹിബ തൃത്താല, നവാഫ് പത്തിരിപ്പാല, രഞ്ജിൻ കൃഷ്ണ, റഫീഖ് പുതുപ്പള്ളി തെരുവ്, സാബിത് മേപ്പറമ്പ്, ഫിദ ഷെറിൻ, ദിവ്യ കോഷി, റഷാദ് പുതുനഗരം, ആബിദ് വല്ലപ്പുഴ, ധന്യ മലമ്പുഴ, ത്വാഹ മുഹമ്മദ് എന്നിവർ സംസാരിച്ചു.
പാലക്കാട്: സാമൂഹിക സൗഹാർദം സംരക്ഷിക്കാൻ എല്ലാവരും തയാറാകണമെന്നും ജനങ്ങളുടെ സമാധാന ജീവിതം തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പാലക്കാട് സൗഹൃദവേദി നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പോലീസ് സംവിധാനം ഉണർന്നു പ്രവർത്തിക്കണം. പൊതുസമൂഹം ഊഹാപോഹങ്ങളെ കരുതിയിരിക്കണം. മതമൈത്രിയെ അപകടത്തിലാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പ്രഫ. ശ്രീമഹാദേവൻപിള്ള അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റിട്ട. എസ്.പി. വിജയൻ, റിട്ട. ഡിവൈ.എസ്.പി. എസ്. മുഹമ്മദ് കാസിം, അഡ്വ. മാത്യു തോമസ്, ബഷീർ ഹസൻ നദ്വി, അഡ്വ. ഗിരീഷ് നൊച്ചുള്ളി, എൻജി. എൻ.സി. ഫാറൂഖ്, എം.പി. മത്തായി മാസ്റ്റർ, പി.വി. വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു.
പാലക്കാട്: ജില്ലയിൽ സംഘർഷ - അക്രമ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും കരുതൽ അറസ്റ്റുകൾ നടത്തുകയും ചെയ്ത് ക്രമസാമാധാന പാലനത്തിന് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് ഭാരതീയ നാഷനൽ ജനതാദൾ പ്രസിഡന്റ് ജോൺ ജോൺ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.