കൽപ്പാത്തി രഥമികവിൽ നടരാജന്റെ കൈയൊപ്പ്
text_fieldsപാലക്കാട്: 500 വർഷം പഴക്കമുള്ള കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ആകർഷണം രഥങ്ങൾ തന്നെയാണ്. ഓരോവർഷവും രഥങ്ങൾ മികവാർന്നതാക്കുന്നത് നടരാജന്റെ കൈകളിലൂടെയാണ്. വർഷങ്ങൾക്ക് മുമ്പ് വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് ഉത്സവത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന മനോഹരമായ ഒരു രഥം ഉണ്ടായിരുന്നു. എന്നാൽ 1970ൽ ഈ രഥം വിറ്റഴിച്ചതോടെ രഥോത്സവത്തിന്റെ പ്രതാപവും കുറഞ്ഞു. ഈ ഭീമാകാരമായ രഥം ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന രഥമായിരുന്നു. പിന്നീട് ഇത് വളരെക്കാലം ദില്ലി മ്യൂസിയത്തിൽ സ്ഥാപിച്ചു.
ക്ഷേത്രത്തിന് പുതിയ രഥം പണിയാൻ 1994ൽ 30 ലക്ഷം രൂപയുടെ മരവും എട്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചതോടെ ഭക്തരുടെയും ഉത്സവപ്രേമികളുടെയും ആഗ്രഹങ്ങൾ സഫലമായി. തെന്മല, പെരുമ്പാവൂർ, വട്ടേക്കാട് വനങ്ങളിൽനിന്ന് തേക്ക്, കരിമരുത്, വേങ്ങ വിഭാഗത്തിൽപ്പെട്ട തടികൾ ഇതിനായി ശേഖരിച്ചു. തൃശിനപ്പിള്ളി പെരുമ്പല്ലൂർ വി. ചിന്നരാജുവിന്റെ നേതൃത്വത്തിൽ 20ലധികം വാസ്തുശിൽപികൾ 18ലധികം മാസങ്ങൾ പരിശ്രമിച്ചാണ് രഥം പൂർത്തിയാക്കിയത്. രഥത്തിന്റെ മുഖ്യ ഘടകമാണ് ഇത്. പക്ഷേ വർഷാവർഷം അലങ്കാര പണികൾക്കായി ചപ്രം കെട്ടൽ ആവശ്യമാണ്.
ഇത് നിർവഹിക്കുന്നത് വർഷങ്ങളായി നടരാജന്റെ കുടുംബമാണ്. മുത്തച്ഛൻ കുഞ്ചു ആശാരിയിൽനിന്നു തുടങ്ങി അച്ഛൻ വിശ്വനാഥനിലൂടെയാണ് പരമ്പരാഗതമായി ഇത് നടരാജന്റെ കൈകളിലെത്തിയത്. ഗണപതിത്തേരിലാണ് ആദ്യ ചപ്രംകെട്ടൽ ആരംഭിക്കുക. തുടർന്ന് മുരുകനും അവസാനം ഏറ്റവും വലിയതേരായ ശിവന്റെയും ചപ്രം കെട്ടൽ ആരംഭിക്കും. കൊടിയേറ്റിന് തുടങ്ങിയ മിനുക്കുപണികൾ താഴികകുടങ്ങൾ വെച്ചതോടെ വെള്ളിയാഴ്ച സമാപിച്ചു. നടരാജനോടൊപ്പം 11ഓളം തൊഴിലാളികളാണ് രഥത്തിന്റെ മിനുക്കുപണികളിൽ ഏർപ്പെട്ടത്. പിതാവിന്റെ മരണശേഷം 1993 മുതൽ പുത്തൂർ സുന്ദരംകണ്ടത്ത് നടരാജനാണ് രഥത്തിന്റെ ജോലികളിലെ മുഖ്യൻ. 1996ൽ ചപ്രങ്ങൾ സ്വന്തമായി നിർമിച്ചതായി നടരാജൻ പറയുന്നു. പക്ഷേ നടരാജന്റെ അടുത്ത തലമുറ ഈ മേഥലയിൽ ഇല്ല. ഭാര്യയും ഡിഗ്രിക്ക് പഠിക്കുന്ന മകളും ഓട്ടോമൊബൈലിൽ ഐ.ടി.ഐ കഴിഞ്ഞ മകനും അടങ്ങിയതാണ് നടരാജന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.