നവകേരള സദസ്സ് പ്രൗഢം, ഉജ്ജ്വലം
text_fieldsനെന്മാറ: നെന്മാറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലൊരുക്കിയ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രൗഢോജ്ജ്വല സ്വീകരണം.
കെ. ബാബു എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി. രാജീവ്, ജി.ആർ. അനിൽ എന്നിവർ സംസാരിച്ചു. 2016ൽ അധികാരമേറ്റ സർക്കാറിന്റെ ജനക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയം, നിപ, ഓഖി, കോവിഡ് തുടങ്ങി കേരളം നേരിട്ട പ്രതിസന്ധികളെ ഓർമിപ്പിച്ചു.
എന്നാൽ, ഇത്തരം പ്രതിസന്ധികളെ നേരിടുമ്പോഴും കേന്ദ്ര സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതികൂല നിലപാടുകൾ അതിജീവിക്കാൻ കഴിഞ്ഞതിന്റെ സൂചനയാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് വന്ന തുടർഭരണം.
സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴും അർഹതപ്പെട്ട സാമ്പത്തിക സഹായം കേന്ദ്രത്തിൽനിന്ന് ലഭിച്ചില്ല എന്നത് നിർഭാഗ്യകരമാണ്. എങ്കിലും ബജറ്റിതര സാമ്പത്തിക വികസനത്തിന് കിഫ്ബി പോലുള്ള പദ്ധതികൾ സഹായകമായി. 82,000 കോടിയുടെ വികസനമാണ് ഏഴര വർഷം കൊണ്ട് നേടിയത്.
എന്നാൽ, വികസനത്തെ ഇല്ലായ്മ ചെയ്യാൻ യു.ഡി.എഫും കേന്ദ്ര സർക്കാറും ചേർന്ന് കേന്ദ്ര ഏജൻസികൾ മുഖേന സംസ്ഥാന സർക്കാറിനെ വേട്ടയാടുകയാണ്. ജനങ്ങളുടെ പിന്തുണയാണ് സർക്കാറിന്റെ ശക്തിയെന്നും നവകേരള സദസ്സിൽ നിന്നും വിട്ടുനിന്ന പ്രതിപക്ഷം ജനങ്ങളെ മറന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നെന്മാറ ബി.ഡി.ഒ. കെ. ജയകുമാർ നന്ദി പറഞ്ഞു.
ചിറ്റൂർ: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ചിറ്റൂരിൽ സംഘടിപ്പിച്ച നവകേരള സദസ്സ്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിൽ നിന്നുമായി 40000ലേറെപ്പേർ പങ്കെടുത്തു. അമ്പാട്ടു പാളയം ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ എട്ട് മുതൽ സജ്ജീകരിച്ചിരുന്ന 20 കൗണ്ടറുകളിലേക്ക് പരാതിയുമായി ആളുകളെത്തി.
പരാതിക്കാരുടെ ബാഹുല്യം മൂലം 11 മണിയോടെ 10 കൗണ്ടറുകൾ കൂടി സജ്ജീകരിക്കേണ്ടി വന്നു. 30 കൗണ്ടറുകളിലായി 4957 നിവേദനങ്ങൾ ലഭിച്ചു. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും മൂന്ന് കൗണ്ടറുകളും ബാക്കിയുള്ളവ പൊതുജനങ്ങൾക്കുമാണ് സജ്ജീകരിച്ചത്. രാവിലെ നെഹ്റു ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാതയോഗത്തിനു ശേഷം 12 മണിയോടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നവകേരള സദസ്സ് ആരംഭിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ കഴിവുകേടിന് തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോജിക്കാവുന്ന ശക്തികളെയെല്ലാം ഒന്നിപ്പിച്ച് മുന്നോട്ട് പോവാൻ തയാറാവാത്തതാണ് ഫലം പ്രതികൂലമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ ആർ. ബിന്ദു, വി.എൻ. വാസവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.