രാഷ്ട്രീയ കേസുകൾ ഒത്തുതീർപ്പാക്കി നെടുങ്ങോട്ടൂർ മാതൃക
text_fieldsപട്ടാമ്പി: രാഷ്ട്രീയ കേസുകൾ ഒത്തുതീർപ്പാക്കി മാതൃകയായി നെടുങ്ങോട്ടൂർ. പട്ടാമ്പി കോടതിയിലുള്ള പുതിയതും പഴയതുമായ നാല് കേസുകൾക്കാണ് രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത നീക്കത്തിലൂടെ തീർപ്പായത്. 10വർഷമായി വ്യവഹാരം നടക്കുന്ന കേസുകളുൾപ്പെടെയാണ് സി.പി.എം, മുസ്ലിം ലീഗ്, ബി.ജെ.പി പാർട്ടികൾ ഒന്നിച്ചുചേർന്ന് അവസാനിപ്പിച്ചത്. കേസിലകപ്പെട്ടവര്‍ ഏറെയും ചെറുപ്പക്കാരായിരുന്നു.
ഇതിൽ പലർക്കും വിദേശത്തേക്ക് ജോലി തേടിപ്പോകാന്‍ കഴിഞ്ഞില്ല. പാസ്പോർട്ട് ലഭിക്കാനും കേസ് തടസ്സമായിരുന്നു. രണ്ടുമാസമായി നടന്ന ചര്‍ച്ചക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കേസുകൾ തീർപ്പാക്കാൻ തീരുമാനിച്ചത്. കേസ് തീരുന്ന ദിവസം കോടതിയില്‍ സാക്ഷികളും പ്രതികളുമായി നാൽപതോളം പേരെത്തി.
സി.പി.എമ്മും ബി.ജെ.പി.യും തമ്മിലെ കേസ് 2010ലേതാണ്. ബി.ജെ.പിക്കാരുടെ പരാതിയില്‍ വധശ്രമം വകുപ്പിട്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഹൈകോടതിയില്‍നിന്നാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബി.ജെ.പി പ്രവർത്തകർക്കെതിരായത് കൗണ്ടര്‍ കേസാണ്. മറ്റൊരു കേസ് സി.പി.എം-ലീഗ് കുടുംബതര്‍ക്കമായിരുന്നു. രാഷ്ട്രീയകേസ് അല്ലാതിരുന്നിട്ടും കേസിന് രാഷ്ട്രീയനിറം വന്നു.
കേസിലകപ്പെട്ട രണ്ടു പേര്‍ വിദേശത്തായിരുന്നു. മറ്റുള്ളവരില്‍ ഏതാനും പേര്‍ ക്രിമിനല്‍കേസ് പ്രതികളായതിനാല്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് കിട്ടാതെ പ്രയാസപ്പെട്ടു. മറ്റൊരു കേസ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ്. വോട്ട് ചേര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. അത് വീടുകയറി ആക്രമിച്ചെന്ന പരാതിക്കിടയാക്കി. പരാതിക്കാരി 75 വയസ്സുകാരിയായത് കേസിന് ബലവുമായി. പരാതിക്കാരിക്കൊപ്പം സി.പി.എം കക്ഷിചേര്‍ന്നു.
മറുപക്ഷത്ത് യൂത്ത് ലീഗ് പ്രവർത്തകനായിരുന്നു. കേസുകള്‍ അനന്തമായി നീണ്ടതോടെ പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ചിരിക്കുകയായിരുന്നു. വിദേശത്തെ വ്യാപാരപ്രമുഖന്‍ നെടുങ്ങോട്ടൂര്‍ സ്വദേശി കെ.പി. മുഹമ്മദലിയാണ് കേസുകള്‍ തീര്‍ക്കാന്‍ നേരിട്ടിറങ്ങിയത്.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായി സി.പി.എം ലോക്കല്‍ സെക്രട്ടറി എം.വി. അനില്‍കുമാര്‍, മുസ്‌ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.എ. റഷീദ്, ബി.ജെ.പി പ്രതിനിധി കെ. അരവിന്ദാക്ഷന്‍, ടി. ഹൈദ്രു തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കോടതിയിൽ സാക്ഷികളായി എത്തിയവരിൽ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.