പടിഞ്ഞാറൻ മേഖലയിലെ യാത്രാദുരിതം; വേണം, പാസഞ്ചർ ട്രെയിനുകൾ
text_fieldsപാലക്കാട്: കോയമ്പത്തൂരിൽ നിന്ന് ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിലേക്കും തിരികെയും രാവിലെയും വൈകീട്ടും പാസഞ്ചർ ട്രെയിനുകളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വ്യാവസായിക നഗരമായ കോയമ്പത്തൂരിലേക്ക് ആയിരക്കണക്കിനാളുകളാണ് ദിവസേന വന്നുപോകുന്നത്.
രാവിലെ ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്കും വൈകീട്ട് തിരിച്ചും മെമു ട്രെയിനുകൾ അനുവദിക്കണമെന്ന യാത്രക്കാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. റെയിൽവേയും ജനപ്രതിനിധികളും ഇവ അവഗണിച്ച മട്ടാണ്. രാവിലെ 8.20 ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ കോയമ്പത്തൂർ എത്തുന്നത് 11നാണ്. ജില്ലയോട് ചേർന്ന് കിടക്കുന്ന കോയമ്പത്തൂർ-മേട്ടുപാളയം 36 കിലോ മീറ്റർ ദൂരത്തിൽ പ്രതിദിനം ഏഴ് സർവിസ് നടത്തുമ്പോൾ, തൃശൂരിൽ നിന്ന് രാവിലെ ഒരു പാസഞ്ചർ ട്രെയിൻ പോലും കോയമ്പത്തൂരിലേക്ക് ഇല്ല.
തൃശൂരിലെ യാത്രക്കാരിൽ പലരും രാവിലെ 6.45നും, 7.16നും ഉള്ള ട്രെയിനിൽ ഷൊർണൂരിലെത്തിയാണ് കോയമ്പത്തൂരിലേക്ക് വരുന്നത്. 7.16നുള്ള എറണാകുളം-കണ്ണൂർ എക്സ്പ്രസ് 8.20നുള്ളിൽ ഷൊർണൂർ എത്തിയില്ലെങ്കിൽ കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ കിട്ടില്ല. വൈകീട്ടും ഇതിന് സമാനമാണ് സ്ഥതി. വൈകീട്ട് 5.55ന് പാലക്കാട് എത്തുന്ന കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ കഴിഞ്ഞാൽ രാത്രി 10.55 പാലക്കാട് എത്തുന്ന ചെന്നൈ-മാംഗ്ലൂർ എക്സ്പ്രസാണ് യാത്രക്കാർക്ക് ഏക ആശ്രയം.
വൈകീട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെടുന്ന പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് കഴിഞ്ഞാൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് മാത്രമാണ് തൃശൂരിലേക്കുള്ള യാത്രക്കാർക്ക് ഏക ആശ്രയം. ഷൊർണൂർ, തൃശൂർ ഭാഗങ്ങളിലേക്കുള്ള നിരവധി പേരാണ് വ്യാവസായിക നഗരമായ കോയമ്പത്തൂർ, കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നത്. ഇവർക്ക് രാത്രി ഏഴ് കഴിയാതെ സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങാൻ കഴിയില്ല.
രാത്രി 7.30ന് പാലക്കാട് ടൗണിൽ എത്തുന്ന കോയമ്പത്തൂർ-പാലക്കാട് ടൗൺ മെമു ഷൊർണൂരിലേക്ക് നീട്ടുകയാണെങ്കിൽ ഷൊർണൂർ, വടക്കൻ മേഖലയിലെ നിരവധി യാത്രക്കർക്ക് ഏറെ ആശ്വാസമാകും. വൈകീട്ട് പാലക്കാട്ടു നിന്ന് ഷൊർണൂർ-തൃശൂർ എന്നിവിടങ്ങളിലേക്ക് പാസഞ്ചർ വേണമെന്ന യാത്രക്കാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഡിവിഷൻ ആസ്ഥാനം പാലക്കാട് പ്രവർത്തിച്ചിട്ടും ഇവിടെ നിന്ന് വൈകീട്ട് പടിഞ്ഞാറൻ മേഖലകളിലേക്ക് ട്രെയിനുകളില്ലാത്തതിനാൽ നിരവധി യാത്രക്കാരാണ് വലയുന്നത്.
കഞ്ചിക്കോട്, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിലെ വ്യാവസായിക മേഖലയിൽ പണിയെടുക്കുന്നവർക്കും മറ്റു ചെറുകിട കച്ചവടക്കാർക്കും യാത്രാദുരിതം ഒഴിവാക്കാൻ വൈകീട്ട് ട്രെയിൻ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ റെയിൽവേക്ക് നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണ്.
പാലക്കാട്-പൊള്ളാച്ചി റൂട്ടും അവഗണനയുടെ പാതയിൽ
വൈദ്യുതീകരണത്തിനുശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാലക്കാട്-പൊള്ളാച്ചി റൂട്ടും അവഗണനയുടെ പാതയിലാണ്. മൂന്ന് ട്രെയിനുകൾ ഇതു വഴി സർവിസ് നടത്തുന്നുണ്ടെങ്കിലും ഒരണ്ണെം മാത്രമാണ് പാസഞ്ചർ. അതാകട്ടെ, രാവിലെ പാലക്കാട് നിന്ന് തിരുച്ചെന്തൂർ പോയി വൈകീട്ട് മടങ്ങിവരുന്നതാണ്. ബാക്കിയുള്ളവയിൽ പാലക്കാട്-ചെന്നൈ സൂപ്പർഫാസ്റ്റിന് പാലക്കാട് കഴിഞ്ഞാൽ പൊള്ളാച്ചിയിലാണ് സ്റ്റോപ്പുള്ളത്. തിരുവനന്തപുരം-മധുരെ
അമൃതയ്ക്ക് കൊല്ലങ്കോട് മാത്രമാണ് സ്റ്റോപ്പുള്ളത്. പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈൻ മീറ്റർ ഗേജ് ആയിരുന്ന കാലത്ത് ആറ് ജോഡി പാസഞ്ചർ ട്രെയിനുകൾ ഇതുവഴി സർവിസ് നടത്തിയിരുന്നു. ബ്രോഡ്ഗേജും ആയ ശേഷം വൈദ്യുതീകരണവും പൂർത്തിയാക്കിയാൽ നേരത്തെ ഉണ്ടായിരുന്ന ട്രെയിനുകൽ പുനഃസ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തിൽ മാത്രമായി. പാലക്കാടിനും പൊള്ളാച്ചിക്കുമി ടയിൽ പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമലറോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പും അനുവദിച്ചിരുന്നു. എന്നാൽ ഈ സ്റ്റോപ്പുകൾ എല്ലാം ഇന്ന് അവഗണനയിലാണ്. പാസഞ്ചർ അസോസിയേഷൻ നിരവധി നിവേദനങ്ങൾ നൽകിയിട്ടും അതെല്ലാം ഡിവിഷൻ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. ജില്ലയിലെ ജനപ്രതിനിധികളും ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഒറ്റപ്പാലവും അവഗണനയിൽ
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് നിരവധി നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. പാലക്കാട് നിന്ന് ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിലേക്കും തിരികെയും വണ്ടികൾ പോകുന്നത് ഒറ്റപ്പാലം വഴിയാണ്. എന്നാൽ ഇവിടെ നിർത്തുന്ന ട്രെയിനുകൾ വളരെ കുറവാണ്. പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പ്രതിദിനം ശരാശരി 42 വണ്ടികൾ പോകുന്നുണ്ട്. പാലക്കാട്-ഷൊർണൂർ റൂട്ടിൽ 19 വണ്ടികളും ഓടുന്നുണ്ട്. 61 വണ്ടികൾ പ്രതിദിനം ഒറ്റപ്പാലം വഴി കടന്നു പോകുമ്പോൾ ഇവിടെ നിർത്തുന്നത് 25 എണ്ണം മാത്രമാണ്. എല്ലാ വണ്ടികൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ ഷൊർണൂർ, പട്ടാമ്പി, തൃത്താല മേഖലകളിലെ യാത്രക്കാർക്കും ഏറെ പ്രയോജനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.