പാലക്കാട് മെഡിക്കൽ കോളജിന് അവഗണന; രക്ഷിതാക്കൾ പ്രക്ഷോഭത്തിലേക്ക്
text_fieldsപാലക്കാട്: മെഡിക്കൽ കോളജിനോടുള്ള സർക്കാറിന്റെ അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ പഠിതാക്കളുടെ രക്ഷിതാക്കൾ രംഗത്ത്. ജൂൺ ഏഴിന് പാലക്കാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രക്ഷോഭത്തിന്റെ ഭാഗമായി രക്ഷിതാക്കൾ രൂപവത്കരിച്ച പേരന്റ്സ് അസോസിയേഷൻ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ 2014ൽ രൂപവത്കരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച പാലക്കാട് മെഡിക്കൽ കോളജ് 10 വർഷം പൂർത്തിയായിട്ടും ശൈശവ ദശയിൽനിന്ന് ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല. എം.ബി.ബി.എസിന് 100 സീറ്റുമാത്രമാണുള്ളത്. ജില്ല ആശുപത്രിയെയാണ് പഠന-പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
കരാർ അടിസ്ഥാനത്തിലായതിനാൽ അധ്യാപക-അനധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടപ്പാണ്. നിയമനത്തിനായി റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിച്ച് സ്പെഷൽ റൂൾസ് നടപ്പാക്കിയാൽ മാത്രമേ ജീവനക്കാരെ കിട്ടാത്ത പ്രതിസന്ധിക്ക് പരിഹാരമാകൂ. ഇതുവരെ പി.ജി കോഴ്സ് ആരംഭിക്കനായിട്ടില്ല. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന നഴ്സിങ് കോളജ് സൊസൈറ്റിക്ക് കീഴിലുള്ളതല്ല. എം.ബിബി.എസ് വിദ്യാർഥികളുടെ ക്ലാസ് മുറികളാണ് നഴ്സിങ് കോളജുകാർ ഉപയാഗിക്കുന്നത്.
നാഷനൽ മെഡിക്കൻ കമീഷൻ ചട്ടങ്ങൾക്ക് എതിരാണിത്. 150 സീറ്റായി ഉയർത്താൻ പ്രഖ്യാപനമെത്തിയെങ്കിലും ലെക്ചറർ ഹാളിൽ 100 പേർക്ക് ഇരിക്കാവുന്ന സൗകര്യമേ ഉള്ളൂ. ജില്ല ആശുപത്രിയിൽ വിദ്യാർഥികൾക്ക് പഠനത്തിനായി കയറാനുള്ള സാഹചര്യം കുറവാണ്.
കോളജിലേക്ക് വേണ്ട ലാബ് നിർമാണം നാളിതുവരെയായി പൂർത്തിയാക്കിയിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. പന്തളം പ്രതാപൻ, പി. ഷൺമുഖൻ, കെ.വി. പ്രേമദാസൻ, എം. വേണു, കെ.വി. പ്രകാശൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.