സപ്ലൈകോ-കൃഷിവകുപ്പിന്റെ അനാസ്ഥ; നെൽകർഷകർ ദുരിതത്തിൽ
text_fieldsപാലക്കാട്: സീസണിലെ ഒന്നാം വിളയ്ക്കുള്ള ഒരുക്കം തുടങ്ങിയിട്ടും രണ്ടാംവിളയിൽ കൊയ്തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. ഒച്ച് വേഗത്തിലാണ് ജില്ലയിൽ നെല്ല് സംഭരണം നടക്കുന്നത്. വസ്തുതകൾ മറച്ചുവെച്ച് കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണെന്ന് കർഷകർ പറയുന്നു. നെല്ല് കൊടുത്ത കർഷകരിൽ പലർക്കും ഇനിയും പി.ആർ.എസും പണവും ലഭിച്ചിട്ടില്ല.
കർഷകർ വിളവെടുത്ത നെല്ലിെൻറ പാതിപോലും സപ്ലൈകോ ഇതുവരെ സംഭരിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം വിളയ്ക്ക് മുൻവർഷങ്ങളിൽ സപ്ലൈകോ ജില്ലയിൽനിന്ന് 1.30 ലക്ഷം മെട്രിക് ടൺ സംഭരിക്കാറുണ്ട്.
ജില്ലയിലെ കൊയ്ത്തു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഏകദേശം 50,000ത്തോളം മെട്രിക് ടൺ നെല്ലുമാത്രമാണ് രണ്ടാം വിളയിൽ ഇതുവരെ സംഭരിച്ചതെന്ന് സപ്ലൈകോ വ്യക്തമാക്കുന്നു. വിഷു കഴിഞ്ഞതോടെ ജില്ലിയിലെ കർഷകർ ഒന്നാം വിളയിറക്കാനുള്ള മുന്നൊരുക്കം ആരംഭിച്ചു.
ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് മറിക്കുന്നത് പലയിടത്തും തുടങ്ങി. ചാണകം, ചാരം, മണ്ണിെൻറ സ്വാഭാവത്തിനുസരിച്ച് കുമ്മായം എന്നിവ വിതറുന്ന പ്രവൃത്തികളും ഉടനെ ആരംഭിക്കണം. ഇതിനെല്ലാം പണം അത്യാവശ്യമാണ്.
എന്നാൽ, സംഭരണം ഒച്ച് വേഗത്തിലും സംഭരിച്ച നെല്ലിന്റെ പി.ആർ.എസ്, പണം എന്നിവ ലഭിക്കാനുള്ള കാലതാമസം കർഷകരെ വീണ്ടും കടക്കെണിയില്ലേക്ക് തള്ളിവിടുകയാണ്. സപ്ലൈകോ-കൃഷിവകുപ്പുകളുടെ പ്രവർത്തനത്തിൽ ഏകോപനമില്ലായ്മും മില്ലുടമകളുടെ ഏജൻറുമാരിൽ ജീവനക്കാർക്ക് നിയന്ത്രണമില്ലാത്തതുമാണ് സംഭരണം അവതാളത്തിലാക്കിയത്.
വാഹനം ലഭ്യമല്ലെന്ന് പറഞ്ഞ് മില്ലുടമകളുടെ ഏജൻറുമാർ കർഷകരിൽനിന്ന് ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നതായി പരാതിയുണ്ട്. കൊയ്തെടുത്ത നെല്ല് മില്ലുകളിൽ എത്തിക്കേണ്ടത് മില്ലുടമകളുടെ ഉത്തരവാദിത്തമാണ്.
വാഹനങ്ങളിൽ അമിത ഭാരം കയറ്റാൻ മില്ലുടമകൾ നിർബന്ധിക്കുന്നതായി ലോറിയുടമകൾക്ക് പരാതിയുണ്ട്. ഇതിന് പല ലോറിയുടമകൾ തയാറാകത്തതാണ് വാഹന ക്ഷാമത്തിന് കാരണമെത്രെ. സംഭരണം വേഗത്തിലാക്കാൻ മന്ത്രിതലത്തിൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.