നാലാം ദിവസവും ഒറ്റപ്പെട്ട് നെല്ലിയാമ്പതി
text_fieldsനെല്ലിയാമ്പതി: വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി തിങ്കളാഴ്ച രാത്രി മുതൽ പുറംലോകവുമായി ബന്ധം ഇല്ലാതെ കിടക്കുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് നെന്മാറ-നെല്ലിയാമ്പതി റോഡിൽ 14 സ്ഥലങ്ങളിൽ മരവും മണ്ണും വലിയ പാറക്കല്ലുകളും റോഡിൽ കിടക്കുന്നു. കുണ്ടർച്ചോല മുതൽ ഇരുമ്പുപാലാം വരെയുള്ള 10 കിലോമീറ്റർ റോഡിൽ നാല് സ്ഥലങ്ങളിൽ ഇപ്പോഴും മണ്ണും കല്ലും മരങ്ങളും കുമിഞ്ഞുകിടക്കുകയാണ്.
പാറക്കല്ലുകൾ പൊട്ടിച്ചാൽ മാത്രമേ റോഡിൽനിന്നും നീക്കംചെയ്യാൻ സാധിക്കു. ദുരന്ത നിവാരണ സംഘവും പൊതുമരാമത്ത്, നെല്ലിയാമ്പതി നിവാസികൾ, ഓറഞ്ച് ഫാം തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, തോട്ടം തൊഴിലാളികൾ എന്നിവർ റോഡിലെ തടസ്സങ്ങൾ ജെ.സി.ബി ഉപയോഗിച്ച് മാറ്റികൊണ്ടിരിക്കുന്നു. വലിയ പാറകൾ വെടിമരുന്ന് ഉപയോഗിച്ച് പൊട്ടിക്കുന്നുണ്ട്.
കൂടാതെ രാവിലെ വിവിധ വകുപ്പുകളുടെ യോഗം നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്തിൽ പഞ്ചായത്ത് ഓഫിസിൽ ചേർന്നു. യോഗത്തിൽ വനം, പൊലീസ്, ആരോഗ്യവകുപ്പ്, റവന്യു, എൻ.ഡി.ആർ.എഫ്, പഞ്ചായത്ത് എന്നീ വകുപ്പുകളിൽനിന്നും ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ, ട്രേഡ് യൂനിയൻ നേതാക്കളും എസ്റ്റേറ്റ് ഭാരവാഹികളും പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വനം, എൻ.ഡി.ആർ.എഫ്, പൊലീസ്, റവന്യു എന്നി വകുപ്പുകളുടെ ആഭിമുഖ്യത്തിൽ കൺട്രോൾ റൂം രൂപവത്കരിച്ചു.
മെഡിക്കൽ സംഘം നെല്ലിയാമ്പതിയിൽ ഒമ്പത് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് എത്തിയത്
നെല്ലിയാമ്പതി: ജില്ല ആശുപത്രിയിൽനിന്നും നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ നിന്നുമായി രണ്ട് മെഡിക്കൽ സംഘം ഒമ്പത് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് നെല്ലിയാമ്പതിയിൽ എത്തി.
നെല്ലിയാമ്പതിയിൽ 20 ഗർഭിണികൾ ഉണ്ടെന്നാണ് വിവരം. ഇവരുടെ പരിരക്ഷ കൂടി കണക്കിലെടുത്ത് ഗൈനക്കോളജിസ്റ്റിനെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. നെന്മാറ മണ്ഡലത്തിലെ പോത്തുണ്ടി ഗവ. എൽ.പി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് മന്ത്രി എം.ബി. രാജേഷ് സന്ദർശിച്ചു.
ചെറുനെല്ലി എസ്റ്റേറ്റിൽനിന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 21 ആളുകളെയും സന്ദർശിച്ചു.
തുടർന്ന് വയനാട്ടിലെ ബന്ധുവീട്ടിലേക്ക് പോയി കാണാതായ പോത്തുണ്ടി സ്കൂളിന് സമീപത്തെ ജസ്റ്റിൻ തോമസിന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ആശ്വസിപ്പിച്ചു. തുടർന്നാണ് നെല്ലിയാമ്പതിയിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.