അനാസ്ഥ വെടിയുമോ...?
text_fieldsനെല്ലിയാമ്പതി: ഓണം അവധി ആരംഭിക്കാറായിട്ടും നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികള്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ നല്‍കാനുള്ള ഇൻഫർമേഷൻ സെന്റർ തുറന്നില്ല. കലക്ടറും എം.എല്‍.എയും ഇടപെട്ട് സെന്റർ തുറക്കണമെന്ന് നെല്ലിയാമ്പതിയില്‍ നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിട്ട് വർഷം രണ്ടു കഴിഞ്ഞിട്ടും കേന്ദ്രം യാഥാർഥ്യമായില്ല.
നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രധാന ടൂറിസം കേന്ദ്രങ്ങളും എത്താനുള്ള വഴിയും താമസ സൗകര്യങ്ങളും സംബന്ധിച്ച വിവരം നല്‍കുന്നതിന് വിഭാവനം ചെയ്ത ടൂറിസം ഇൻഫർമേഷൻ കേന്ദ്രമാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്. നെല്ലിയാമ്പതി കൈകാട്ടിയില്‍ വർഷങ്ങള്‍ക്ക് മുമ്പ് ലയണ്‍സ് ക്ലബ് നിർമിച്ച കെട്ടിടം പഞ്ചായത്ത് കുറച്ചുകാലം ഇൻഫർമേഷൻ സെന്ററായി താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്നു.
ഒരു വർഷത്തിനുശേഷം കേന്ദ്രം പഞ്ചായത്ത് അടച്ചു. വർഷങ്ങളായി അടഞ്ഞുകിടന്ന് ജീർണാവസ്ഥയിലായിരുന്ന കെട്ടിടം രണ്ടു വർഷംമുമ്പ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പുതുക്കി പണിതിരുന്നു. പഞ്ചായത്തും വനംവകുപ്പും തമ്മില്‍ തർക്കം ഉടലെടുക്കുകയും പൊലീസ് ഇടപെട്ട് താൽക്കാലികമായി പണി നിർത്തിവക്കുകയും ചെയ്തിരുന്നു. ചർച്ചകള്‍ക്കൊടുവില്‍ വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നതിനാല് വനംവകുപ്പ് തന്നെ കെട്ടിട നിർമാണം പൂർത്തിയാക്കി. ഇൻഫർമേഷൻ കേന്ദ്രം എന്നു തുറക്കുമെന്നും എന്തെല്ലാം സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്നും വനം വകുപ്പ് ഇനിയും തീരുമാനമെടുത്തിട്ടില്ല.
മൊബൈല്‍ റേഞ്ച് കുറവായ നെല്ലിയാമ്പതിയില്‍ പല വിനോദസഞ്ചാരികളും ലക്ഷ്യസ്ഥാനങ്ങളില്‍ എത്താത്തതും വനമേഖലയിലും എസ്റ്റേറ്റ് റോഡുകളിലും മറ്റും കുടുങ്ങുന്നതും ദിശതെറ്റി മൃഗങ്ങള്‍ക്ക് മുന്നില്‍ പെടുന്നതും പതിവാണ്.
ടൂറിസം ഇൻഫർമേഷൻ കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാനും ടോയ്ലറ്റ് സംവിധാനം ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തോളം അടഞ്ഞു കിടന്ന നെല്ലിയാമ്പതി ചുരം റോഡ് കഴിഞ്ഞയാഴ്ച വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തതോടെ നിരവധി യാത്രക്കാരാണ് എത്തിത്തുടങ്ങിയത്.
പാഴ്ച്ചെടികൾ കൈയേറി അപകടവളവുകൾ
പെരുവെമ്പ്: റോഡിന്റെ വശങ്ങൾ കാടുമൂടിയതോടെ കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ സ്ഥലമില്ലാതായി. മംഗലം-ഗോവിന്ദാപുരം റോഡ്, പാലക്കാട്-കൊല്ലങ്കോട് റോഡ്, മന്ദത്തുകാവ്-ചോറക്കോട് റോഡ് എന്നിവിടങ്ങളിലാണ് റോഡരികിലെ പാഴ്ചെടികൾ നീക്കാത്തത്. കിണാശ്ശേരി, തോട്ടുപാലം, കനാൽ പാലം മുക്ക്, ക്രസന്റ് സ്കൂൾ വളവ് എന്നി വിടങ്ങളിലാണ് റോഡിന്റെ വശങ്ങൾ കൂടുതൽ കാടുമൂടിയത്. പോത്തമ്പാടം വെയർഹൗസ്, മന്ദത്തുകാവ്-ചോറക്കോട് റോഡിൽ കാൽനടയാത്രക്കു പോലും സ്ഥലമില്ലാത്ത റോഡിന്റെ വളവുകളിൽ പത്തടിയിലധികം ഉയരത്തിൽ പാഴ് ച്ചെടികൾ വളർന്ന നിലയിലാണ്.
എതിർദിശയിൽ വരുന്ന വാഹനങ്ങൾ അറിയാതെ അപകടത്തിലാകുന്നത് പതിവാണ്. വലിയ വാഹനങ്ങൾക്ക് വഴിമാറുമ്പോൾ കാൽനടയാത്രക്കാർ പാഴ് ച്ചെടികൾക്കു മുകളിൽ കയറി വീഴുന്നതും പതിവാണ്. മുതലമട വെയർ ഹൗസിനു സമീപം റോഡിന്റെ വീതി കൂട്ടാത്തതിനാൽ മൂന്ന് അപകട മരണങ്ങൾ വരെ ഉണ്ടായി. പ്രദേശത്തെ കലുങ്കിന് മുന്നറിയിപ്പ് ബോർഡും ഇല്ല. നാട്ടുകാരുടെ പരാതി ഫയലിൽ ഉറങ്ങുന്നതിനാൽ അപകടങ്ങൾ ആവർത്തിക്കുകയാണ്. എല്ലാ വർഷവും മഴക്കാലത്ത് റോഡിന്റെ വശങ്ങളിലെ പാഴ് ച്ചെടികൾ പൊതുമരാമത്ത് വകുപ്പ് നീക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ ഉണ്ടായി ട്ടില്ല. വിദ്യാലയങ്ങളും ജനവാസ പ്രദേശവുമായ ഇവിടെ റോഡരികിലെ പാഴ് ച്ചെടികൾ വെട്ടി നീക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യം ഏറ്റുവാങ്ങി തളർന്ന് തുപ്പനാട് പുഴ
കല്ലടിക്കോട്: തുപ്പനാട് പുഴമ്പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് വ്യാപകമാവുന്നു. ഇതുകാരണം പുഴ മലിനീകരണ ഭീഷണി നേരിടുകയാണ്. ആൾസഞ്ചാരം കുറഞ്ഞ സമയങ്ങളിലാണ് പുഴയിൽ മാലിന്യം ഉപേക്ഷിക്കുന്നത്. തുപ്പനാട് പുഴക്ക് കുറുകെയുള്ള പഴയപാലത്തിന്റെയും പുതിയ പാലത്തിന്റെയും അടുത്തുള്ള സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളിലും അല്ലാതെയും പാഴ്വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നത്. ഈ പ്രവണത തുടരുന്നത് വഴി കുടിവെള്ളം പോലും മലിനമാവാൻ സാധ്യതയേറി. കരിമ്പ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് പരിസരത്തും മാലിന്യം ഉപേക്ഷിക്കുന്നതായി ആക്ഷേപമുണ്ട്.
മുമ്പ് തുപ്പനാട് ജുമാ മസ്ജിദിനോട് ചേർന്ന സ്ഥലത്ത് മാലിന്യം തള്ളുന്നത് പെരുകിയപ്പോൾ ഈ പ്രദേശത്ത് നീരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. നിലവിൽ കാമറയിൽ പതിയാത്ത പ്രദേശങ്ങളിലാണ് വാഹനങ്ങളിലും അല്ലാതെയും എത്തി മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത്. ഇവയിൽ നല്ലൊരു പങ്ക് പുഴയിലാണ് വീഴുന്നത്.
പുഴയിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണവും കൂടിയത് മത്സ്യങ്ങൾ ഉൾപ്പെടെ ജീവജാലങ്ങളുടെ ജീവനും ഭീഷണി സൃഷ്ടിക്കുകയാണ്. തദ്ദേശവകുപ്പും ആരോഗ്യവകുപ്പും ഫലപ്രദമായ നടപടി സ്വീകരിക്കാതിരുന്നാൽ കരിമ്പ, കടമ്പഴിപ്പുറം, കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് നിവാസികൾ മുഖ്യമായും കുടിനീരിന് ആശ്രയിക്കുന്ന പുഴ നശിക്കുകയാവും ഫലമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.