വേലച്ചന്തം ഇന്ന്
text_fieldsനെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത് (ഫയൽ ചിത്രം)
നെന്മാറ: ജില്ലയിലെ പ്രാദേശിക ഉത്സവങ്ങളിൽ പ്രഥമഗണനീയ സ്ഥാനത്ത് നിൽക്കുന്ന Nemmara-vallangi time ഇന്ന്. വിളവെടുപ്പ് ഉത്സവമായി കണക്കാക്കുന്ന വേലയുടെ തട്ടകമാണ് നെല്ലിക്കുളങ്ങര ക്ഷേത്രം. വേല നടത്തിപ്പിനായി ഓരോ വർഷവും നെന്മാറ, വല്ലങ്ങി ദേശക്കാർ വേലക്കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും അതിനായി ഒരുക്കം നടത്തുകയും ചെയ്യുന്നു. മീനമാസം ഒന്നാം തീയതി വേലയുടെ ഒരുക്കത്തിന്റെ പ്രതീകമായി തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ കൂറയിടൽ ചടങ്ങ് നടക്കും.
വേല ദിനം വരെ ക്ഷേത്രത്തിനകത്ത് കളമെഴുത്ത് പാട്ട് ഉണ്ടാകും. ഇരുദേശങ്ങളിലെയും മന്ദങ്ങളിൽ കൊടിക്കൂറ ചാർത്തി കുമ്മാട്ടി, കണ്യാർകളി എന്നീ കലാരൂപങ്ങളുടെ അരങ്ങേറ്റവും നടക്കും. ഇത് വേല ദിനം വരെ ദേശങ്ങളിലെ സായാഹ്നങ്ങളെ വർണാഭമാക്കുന്നു.
മികവ് തെളിയിച്ച വാദ്യകലാകാരന്മാരുടെ പങ്കാളിത്തം, തലയെടുപ്പുള്ള ആനകൾ, ആകർഷകമായ വെടിക്കെട്ട്, ആനപ്പന്തലുകളിലെ പ്രകാശവർണാലങ്കാരം എന്നിവയാണ് മറ്റുത്സവങ്ങളിൽനിന്ന് നെന്മാറ - വല്ലങ്ങി വേലയെ വേറിട്ടതാക്കുന്നത്.
വേല ദിനത്തിൽ നെന്മാറ വേല മന്ദത്ത് നിന്ന് നെന്മാറ ദേശവും ശിവക്ഷേത്രത്തിൽ നിന്ന് വല്ലങ്ങി ദേശവും രാവിലെ പതിനൊന്നോടെ എഴുന്നള്ളത്ത് ആരംഭിക്കും. പൂജകൾക്കും ആചാരപരമായ ചടങ്ങുകൾക്കും ശേഷമാണ് ഇതിന് ആരംഭം കുറിക്കുക. നെന്മാറ ദേശം എഴുന്നള്ളത്ത് വാദ്യ അകമ്പടിയോടെ ടൗൺ ചുറ്റി വൈകീട്ട് നാലിന് പോത്തുണ്ടി റോഡിലെ ആനപ്പന്തലിൽ എത്തുന്നു.
വല്ലങ്ങി ദേശം ഗോവിന്ദാപുരം റോഡുവഴി വല്ലങ്ങി ബൈപാസിനടുത്തുള്ള പന്തലിൽ അണിനിരക്കും. തുടർന്ന് ഇരു ദേശം എഴുന്നള്ളത്തുകളും തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രം കാവുകയറ്റം തുടങ്ങും. ഈ സമയത്ത് മേളവും തുടങ്ങും. കാവു കയറ്റത്തിന് ശേഷം തിരിച്ച് ആനപ്പന്തലിലെത്തി ഇരു ദേശവും ആകർഷകമായ കുടമാറ്റം കാഴ്ചവെക്കും. പിന്നീട് സന്ധ്യയോടടുക്കുമ്പോൾ പകൽ വെടിക്കെട്ട്.
മന്ദങ്ങളിലേക്ക് തിരിച്ചെത്തുന്ന ഇരുദേശം എഴുന്നള്ളത്തും തായമ്പകയുടെ അകമ്പടിയോടെ ദേശം ചുറ്റുകയും പിന്നീട് പുലർച്ചെ പ്രകാശാലംകൃത പന്തലിലെത്തി പിറ്റേന്ന് പുലർച്ചെ മൂന്നിന് രാത്രി വെടിക്കെട്ടിന് ശേഷം എഴുന്നള്ളത്തുകൾ പാണ്ടിമേളത്തോടെ മന്ദത്തേക്ക് തിരിക്കുന്നു. തുടർന്ന് തിടമ്പിറക്കുന്നതോടെ വേല കൊടിയിറങ്ങും.
കാഴ്ചവിരുന്നായി ആനച്ചമയ പ്രദർശനം
നെന്മാറ: നെന്മാറ, വല്ലങ്ങി ദേശങ്ങളുടെ ആനച്ചമയ പ്രദർശനം കാഴ്ചവിരുന്നായി. വേല ദിനത്തിൽ എഴുന്നള്ളത്തിന് ഗജവീരന്മാരെ അലങ്കരിക്കാനുള്ള നെറ്റിപ്പട്ടം, പട്ടുകുടകൾ, വെൺചാമരം തുടങ്ങിയവ കാണാൻ നിരവധി പേരാണ് എത്തിയത്.
നെന്മാറ ദേശത്തിന്റെ പ്രദർശനം മന്നം പബ്ലിക് വെൽഫയർ ട്രസ്റ്റ് ഹാളിൽ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമ താരങ്ങളായ ജയരാജ് വാരിയർ, ഊർമിള ഉണ്ണി, നാരായണൻകുട്ടി, അപർണ ദാസ്, രാജഗോപാൽ എന്നിവർ പങ്കെടുത്തു. വല്ലങ്ങി ദേശം ശിവക്ഷേത്രം ട്രസ്റ്റ് ഹാളിലാണ് പ്രദർശനം നടത്തിയത്. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഇവിടെയില്ല, അവർണ-സവർണ ഭേദം
വേല ദേശങ്ങളിലെ പ്രധാന സമുദായങ്ങൾക്ക് ഒരുപോലെ പ്രാധാന്യവും പങ്കാളിത്തവും നൽകുന്നതാണ് നെന്മാറ-വല്ലങ്ങി വേലയുടെ ഓരോ ചടങ്ങും. പുരാതന കാലം മുതൽ സമത്വ സന്ദേശം പകരുന്ന ഉത്സവമാണ് വേല. സവർണ-അവർണ ഭേദമില്ലാതെയാണ് വേല ചടങ്ങുകളിൽ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം.
ചടങ്ങുകൾ നടത്തുന്നതിന് പ്രത്യേക അവകാശങ്ങൾ തന്നെ പരമ്പരാഗതമായി വിവിധ സമുദായങ്ങൾക്കുണ്ട്. വേലക്ക് കൂറയിടുന്ന മീനം ഒന്നിന് ക്ഷേത്ര സന്നിധിയിൽ വിവിധ സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവർ എത്തിച്ചേരും. വിത്തനശേരിയിലെ മന്നാടിയാരും പല്ലാവൂരിലെ പതിയാരും വല്ലങ്ങിയിലെ എലവത്തൂർ മൂപ്പിൽ പാട്ടമാളിയും ഇവരിൽ പെടുന്നു.
കുറയിടാനായി അവകാശക്കാരായ വല്ലങ്ങിയിലെ പറയ സമുദായക്കാർ ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള നെൽപ്പറയുമായെത്തി നെൽമണി വിതറി കൂറയിടുമ്പോൾ കൂറയിടാനുള്ള അനുവാദം ചോദിക്കുന്നത് കല്ലാറ്റിൽ കുറുപ്പാണ്. വല്ലങ്ങിക്ക് കുറയിടാൻ മുളനൽകാനുള്ള അവകാശം പടിവട്ടം തറവാട്ടിലെ എഴുത്തച്ഛൻ സമുദായക്കാർക്കാണ്. നെന്മാറക്കായി മുളനൽകുന്നത് അയിനം പാടം പുത്തൻപുരക്കൽ കാരണവരും. വല്ലങ്ങിദേശത്തെ കണ്യാർകളിയിൽ എല്ലാ സമുദായവും പങ്കെടുക്കുന്നു.
വാദ്യമേളങ്ങൾക്ക് നേതൃത്വമേകാൻ പ്രഗല്ഭർ; തലയെടുപ്പുള്ള കരിവീരന്മാരും
നെന്മാറ: നെന്മാറ-വല്ലങ്ങി വേലക്ക് ഒമ്പത് വീതം ഗജവീരന്മാരെയാണ് ഇത്തവണ ഇരുദേശവും അണിയിച്ചൊരുക്കുന്നത്. നെന്മാറ ദേശത്തിന് ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റും. വല്ലങ്ങി ദേശത്തിന് തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനാണ് തിടമ്പേറ്റുക. നെന്മാറ ദേശത്തിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയൻ, കല്ലേക്കുളങ്ങര കൃഷ്ണവാരിയർ, തിരുവില്വാമല ജയൻ, തൃപ്പാളൂർ ശിവൻ, ചേലക്കര സൂര്യൻ എന്നിവർ നേതൃത്വമേകും.
പാണ്ടിമേളത്തിന് കലാമണ്ഡലം ശിവദാസ്, കീഴൂട്ട് നന്ദനൻ, പിണ്ടിയത്ത് ചന്ദ്രൻ നായർ, ഏഷ്യാഡ് ശശി എന്നിവരാണ് നേതൃത്വം വഹിക്കുക. വല്ലങ്ങി ദേശത്തിന്റെ പഞ്ചവാദ്യത്തിന് അയിലൂർ അനന്തനാരായണൻ, ചെർപ്പുളശേരി ശിവൻ, തിരുവില്വാമല ഹരി, പാഞ്ഞാൾ വേലുക്കുട്ടി എന്നിവരും പാണ്ടിമേളത്തിന് ശങ്കരൻ കുട്ടിയും നായകത്വം വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.