വേലച്ചൂടിൽ മീനച്ചൂട് മാറി നിന്നു; നെന്മാറ-വല്ലങ്ങി വേല അവിസ്മരണീയം
text_fieldsനെന്മാറ: കനത്ത മീനച്ചൂടിലും വരണ്ടുണങ്ങിയ വല്ലങ്ങിപാടത്തും പൂരപ്പറമ്പിലുമായി വേലാവേശം വെയിലിനൊപ്പം ചൊവ്വാഴ്ച നിന്നു കത്തിക്കാളി. ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള മേളപ്പെരുക്കത്തിൽ ജനസഹസ്രം ഉന്മത്തരായി. ഇതിനിടെ നെന്മാറയുടെയും വല്ലങ്ങിയുടെയും എഴുന്നള്ളത്തുകൾ മുഖാമുഖം നിരന്നതോടെ വേലപ്പാടത്ത് തിങ്ങിനിറഞ്ഞ പൂരപ്രേമികൾക്ക് ഒരാണ്ടിന്റെ സായൂജ്യം.
കോടതി കയറിക്കിട്ടിയ അനുമതിയിൽ വെടിക്കെട്ടിന്റെ രൗദ്രത ഹർഷ പുളകങ്ങളോടെ അവർ ആവാഹിച്ച് മടങ്ങി. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായി. ഉച്ച കഴിഞ്ഞേേപ്പാൾ പകൽ വേല കാണാനെത്തിയവരെ കൊണ്ട് വല്ലങ്ങിപ്പാടം നിറഞ്ഞു.
നെന്മാറ ദേശത്ത് മന്ദത്ത് നിന്നാരംഭിച്ച എഴുന്നള്ളത്ത് ഉച്ചയോടെ ടൗണിലെത്തി. തിടമ്പേറ്റിയ ഗജകേസരി ചിറക്കൽ കാളിദാസനെ കാണാൻ ആനപ്രേമികൾ ചുറ്റിലും നിറഞ്ഞു. ചോറ്റാനിക്കര വിജയൻമാരാരും പഞ്ചവാദ്യസംഘവും അകമ്പടിയുണ്ടായിരുന്നു, എഴുന്നള്ളത്ത് ഗോവിന്ദപുരം റോഡിലൂടെ പോത്തുണ്ടി റോഡിലുള്ള ആനപന്തലിലെത്തി നിലയുറപ്പിച്ചപ്പേൾ സമയം നാലുമണിയായി. തുടർന്ന് കലാമണ്ഡലം ശിവദാസിന്റെ മേളപ്പെരുക്കമനുഭവിക്കാൻ മേളക്കമ്പക്കാരുമെത്തി. ഇതേ സമയം ഗജരാജൻ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ വല്ലങ്ങി ദേശത്തിന്റെ തിടമ്പ് വഹിച്ച് എഴുന്നള്ളത്തിന് നേതൃത്വം നൽകി വല്ലങ്ങി ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടിരുന്നു. അയിലൂർ അനന്തനാരായണനന്റെ പഞ്ചവാദ്യസംഘവും അകമ്പടിയുണ്ടായിരുന്നു. വൈകീട്ട് നാലോടെ ബൈപാസ് റോഡിനുതാഴത്തുള്ള വയലിൽ സജ്ജീകരിച്ച വല്ലങ്ങിയുടെ ആനപ്പന്തലിൽ ഗജവീരന്മാർ അണിനിരന്നു.
പാണ്ടിമേളത്തിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം നൽകി. നെന്മാറയുടെയും വല്ലങ്ങിയുടെയും എഴുന്നള്ളത്തുകൾ മുഖാമുഖം നിന്ന് കാവുകയറാൻ തുടങ്ങിയതോടെ ബഹുവർണമായ മുത്തു പതിച്ച പട്ടുക്കുടകൾ മാറ്റി മാറ്റി നിവർത്തി മടക്കി ആകർഷകമായ കുടമാറ്റത്തിന് തുടക്കമായി. വല്ലങ്ങിയുടെയും നെന്മാറയുടെയും കാവുകയറ്റം പൂർത്തിയായ ശേഷം പന്തലുകളിൽ തിരിച്ചുകയറിപ്പോഴേക്കും വെടിക്കെട്ടാരംഭിച്ചു.
വർണങ്ങൾ കലർത്തിയ അമിട്ടുകളും മറ്റും ഉൾപ്പെടുത്തി ആദ്യം വല്ലങ്ങി തിരികൊളുത്തി. ഒട്ടും പിറകിലല്ലാതെ ജനസഹസ്രങ്ങളെ ആവേശം കൊള്ളിച്ച് നെന്മാറയും വെടിക്കെട്ട് തുടങ്ങി. ഒന്നിനൊന്ന് മെച്ചമായേ ദേശങ്ങളുടെ കരിമരുന്നിന്റെ കമനീയ കാഴ്ച വിരുന്ന് ആസ്വദിച്ച് വിവിധ ഭാഗത്തുനിന്ന് വേല കാണാനെത്തിയവർ വല്ലങ്ങി പാടത്തുനിന്ന് തിരിച്ച് രാത്രി വേലക്കുള്ള കോപ്പ് കൂട്ടി. ഇതോടെ പകൽ വേലക്ക് വിരാമമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.