പുതുവർഷത്തിൽ വിദ്യാർഥികൾക്കായി പുത്തൻ ബാഗുകൾ ഒരുങ്ങുന്നു
text_fieldsകൊല്ലങ്കോട്: സ്കൂൾ വിപണി ലക്ഷ്യമിട്ട് ബാഗ് നിർമാണ കേന്ദ്രങ്ങൾ സജീവമായി. മുതലമട, കൊടുവായൂർ, ചിറ്റൂർ, പാലക്കാട്, പുതുശ്ശേരി, നെന്മാറ പ്രദേശങ്ങളിലാണ് ബാഗ് നിർമാണ യൂനിറ്റുകൾ സജീവമായത്. കോവിഡ് കാലമായതോടെ നഷ്ടത്തിലായ ബാഗ് കമ്പനികളിൽ മിക്കതും കടബാധ്യത മൂലം അടച്ചുപൂട്ടി.
12 മുതൽ 22 വരെ തുന്നൽ ജോലിക്കാർ തൊഴിലെടുക്കുന്ന ചെറുകിട ബാഗ് നിർമാണ യൂനിറ്റുകളാണ് കുറച്ചെങ്കിലും പിടിച്ചുനിൽക്കുന്നത്.
കോവിഡ് കഴിഞ്ഞ് വിദ്യാലയം തുറന്നെങ്കിലും ബാഗ് വിൽപന ചൂടുപിടിച്ചിരുന്നില്ല. ഇത്തവണ കടകളിൽ ബാഗ് ചോദിച്ചുവരുന്ന രക്ഷിതാക്കൾ വർധിച്ചതിനാലാണ് നിർമാണ യൂനിറ്റുകൾക്ക് ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയതെന്ന് നണ്ടൻകിഴായ ഫെന്റാസ്റ്റിക്ക് ബാഗ് നിർമാണ യൂനിറ്റ് ഉടമ സുകുമാരൻ പറഞ്ഞു. 300 മുതൽ 750 രൂപ വരെയാണ് ബാഗുകളുടെ നിരക്ക്.
ഓൺലൈൻ വിപണി സജീവമായത് ചെറുകിട യൂനിറ്റുകൾക്ക് തിരിച്ചടിയാണെങ്കിലും ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പേരിലാണ് സ്ത്രീകൾ ഉൾപ്പെടെ തൊഴിലെടുക്കുന്ന യൂനിറ്റുകൾ പിടിച്ചുനിൽക്കുന്നത്.
കോവിഡ് സമയത്തുണ്ടായ കടബാധ്യതകളിൽപെട്ട് മുങ്ങുന്ന യൂനിറ്റുകളെ നിലനിർത്താൻ വ്യവസായ വകുപ്പ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സഹായിക്കണമെന്നാണ് ജില്ലയിലെ ചെറുകിട ബാഗ് നിർമാണ യൂനിറ്റ് ഉടമകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.