ആറാം മാസത്തിൽ ജനിച്ച കുഞ്ഞിന് പുതുജന്മം
text_fieldsകുമരംപുത്തൂർ: ആറാം മാസത്തില്‍ ജനിച്ച 620 ഗ്രാം ഭാരമുള്ള കുഞ്ഞിന് മദര്‍കെയര്‍ ആശുപത്രിയില്‍ പുതുജന്മം. മദര്‍കെയര്‍ ആശുപത്രിയിലെ ഗൈനക്കോളജി, ശിശുരോഗ വിഭാഗം ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ആറ്റാശ്ശേരി സ്വദേശിനിയുടെ പെണ്‍കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. ഗര്‍ഭധാരണത്തിന്റെ നാലാം മാസത്തില്‍ ഗര്‍ഭാശയ ദൗര്‍ബല്യത്തിനുള്ള ചികിത്സതേടിയാണ് ആറ്റാശ്ശേരി സ്വദേശിനി മദര്‍കെയര്‍ ആശുപത്രിയിലേക്കെത്തിയത്. ഗൈനക്കോളജിസ്റ്റ് ഡോ. പി.ടി. റജീനയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഗര്‍ഭധാരണത്തിന്റെ 25 ആഴ്ചയും അഞ്ച് ദിവസവുമായപ്പോള്‍ യുവതിക്ക് പ്രസവ വേദന വരികയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആഗസ്റ്റ് 25ന് പ്രസവം നടന്നെങ്കിലും വളർച്ച കുറവ് കാരണം കുഞ്ഞ് ശ്വാസമെടുത്തിരുന്നില്ല. ശിശുരോഗ വിദഗ്ധന്‍ ഡോ. വി. വിനീതിന്റെ നേതൃത്വത്തില്‍ 54 ദിവസം തുടര്‍ച്ചയായി കുഞ്ഞിന് ഓക്സിജന്‍ നല്‍കിയാണ് ജീവൻ നിലനിർത്തിയത്. 620 ഗ്രാം മാത്രമാണ് ജനനസമയത്ത് കുട്ടിക്ക് തൂക്കം ഉണ്ടായിരുന്നത്. ജനിച്ച് 90 ദിവസം പിന്നിട്ടപ്പോൾ ഭാരം രണ്ട് കിലോയായി ഉയർന്നു. ആരോഗ്യജീവിതത്തിലേക്ക് തിരിച്ചുവന്ന കുട്ടിയെ കേക്ക് മുറിച്ച് ആശുപത്രി അധികൃതർ ആശുപത്രിയിൽനിന്ന് യാത്രയയപ്പ് നൽകി. ആശുപത്രി ഡയറക്ടര്‍ ജാക്വലിന് തോമസ്, ജനറല്‍ മാനേജര്‍ റിന്റോ തോമസ്, ഗൈനക്കോളജിസ്റ്റ് ഡോ. പി.ടി. റജീന, ശിശുരോഗ വിദഗ്ധരായ ഡോ. എന്‍. വിനീത്, ഡോ. നിഷാദ് അലി, ഡോ. ഫ്രാന്‍സിസ് കുര്യന്, അഡ്മിനിസ്ട്രേറ്റര്‍ വിനോദ്, പി.ആര് മാനേജര്‍ രാജീവ് തുടങ്ങിയവര്‍ ചേർന്നാണ് കുട്ടിക്ക് യാത്രയയപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.