നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നവവധുവിന് ഗുരുതര പരിക്ക്
text_fieldsനെല്ലിയാമ്പതി: കാട്ടാനയുടെ ആക്രമണത്തിൽ നവവധുവിന് ഗുരുതര പരിക്ക്. യുവതിക്കൊപ്പമുണ്ടായിരുന്ന ഭർത്താവിനും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. നെല്ലിയാമ്പതി കാരപാറ തൂക്കുപാലം കാണാൻ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ആലത്തൂർ വാനൂർ കോട്ടപറമ്പ് വീട്ടിൽ അമൃത (24), ഭർത്താവ് അർജുൻ (30) എന്നിവർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാട്ടാനകളും കുട്ടിയാനയും ഉൾപ്പെടെയുള്ള സംഘം ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം ആക്രമിച്ച് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽനിന്ന് തെറിച്ചുവീണ അമൃതക്ക് നട്ടെല്ലിന് ഗുരുതര പരിക്കുണ്ട്. നൂറടി കാരപ്പാറ റൂട്ടിലുള്ള കരടികാപ്പി തോട്ടത്തിൽ ആറ്റുപാടി ബസ് വെയ്റ്റിങ് ഷെഡിന് സമീപമുള്ള വളവിലാണ് നവദമ്പതികൾ ആക്രമണത്തിന് ഇരയായത്.
ആദ്യം റോഡ് മുറിച്ചു കടന്ന കാട്ടാനയെ കണ്ടപ്പോൾ വാഹനം നിർത്തിയെങ്കിലും റോഡ് മുറിച്ചു കടക്കുന്ന കാട്ടാനക്കൂട്ടത്തിന് ഇടയിൽപെടുകയായിരുന്നു. പിറകെ എത്തിയ ആന ആക്രമിക്കുകയായിരുന്നുവെന്ന് അർജുനൻ പറഞ്ഞു.
വാഹനം തട്ടിയിട്ട ആന ഹെൽമറ്റ് ചവിട്ടി നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. തോട്ടത്തിൽ ജോലിക്കായി വന്ന തൊഴിലാളികൾ ഇവരെ ഉടൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ അമൃതയെ വിദഗ്ധ ചികിത്സക്ക് കോയമ്പത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടത്തെ തുടർന്ന് നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്ര സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി വനം വകുപ്പ് സെക്ഷൻ ഫോറസ്റ്റർ സജയകുമാർ അറിയിച്ചു. രണ്ടാഴ്ച മുമ്പായിരുന്നു അമൃതയുടെയും അർജുന്റെയും വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.