അന്തർസംസ്ഥാന ബസ് സർവിസ് പുനാരംഭിക്കാൻ നടപടിയില്ല; യാത്രക്കാർ ദുരിതത്തിൽ
text_fieldsപാലക്കാട്: അന്തർ സംസ്ഥാന ബസ് സർവിസ് പുനാരംഭിക്കാൻ നടപടി വൈകുന്നത് കാരണം യാത്രക്കാർ ദുരിതത്തിലായി. കോവിഡ് ഒന്നാം ലോക്ഡൗണിലാണ് അന്തർസംസ്ഥാന ബസ് സർവിസുകൾ പൂർണമായി നിർത്തിവെച്ചത്. പിന്നീട് ഇത് പുനരാരംഭിച്ചില്ല. ഇതോടെ വെട്ടിലായത് പാലക്കാട്-കോയമ്പത്തൂർ റൂട്ടിലെ സ്ഥിരം യാത്രക്കാരാണ്.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളായതോടെ കോയമ്പത്തൂരിലും അതിർത്തി പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളും വ്യവസായശാലകളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് ബസിൽ ദിനേന തൊഴിലിനായി പോയിവന്നിരുന്നവർ പലരും ഇപ്പോൾ കിലോമീറ്ററോളം അതിർത്തി നടന്നുകടക്കേണ്ട സ്ഥിതിയാണ്. ഇരു സംസ്ഥാനങ്ങളിലേയും ബസുകൾ അതിർത്തിവരെ സർവിസ് നടത്തുണ്ട്. ഇവിടെനിന്ന് പരസ്പരം മാറിക്കയറിയാണ് ജോലിക്ക് പോകുന്നത്. കെ.എസ്.ആർ.ടി.സി മൂന്ന് ബോണ്ട് സർവിസുകൾ നടത്തുണ്ടെങ്കിലും അവ എല്ല ജോലിക്കാർക്കും ഉപയോഗപ്പെടുത്താൻ കഴിയാറില്ല.
കേരളം സർവിസ് നടത്താൻ തയാറാണെങ്കിലും തമിഴ്നാട് സർക്കാറിെൻറ അനുമതിയില്ലാത്തതാണ് തടസ്സത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ലോക്ഡൗണിന് മുമ്പ് പാലക്കാട് ഡിപ്പോയിൽനിന്ന് മാത്രം 21 സർവിസാണ് ഉണ്ടായിരുന്നത്.
ഇത്രയും സർവിസുകൾ തമിഴ്നാട് സർക്കാറും കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് നടത്തിയിരുന്നു. പ്രതിദിനം ശരാശരി 20,000 രൂപയാണ് ഒരു ബസിൽനിന്ന് മാത്രം കെ.എസ്.ആർ.ടി.സിക്ക് വരുമാനമായി ലഭിച്ചിരുന്നത്. ഇതിന് പുറമെ മറ്റ് ഡിപ്പോകളിൽനിന്നും കോയമ്പത്തൂർ വഴി ദീർഘദൂര സർവിസുകൾ നടത്തിയിരുന്നു. ഒക്ടോബറോടെ സർവിസുകൾ പുനാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.