കാമറയും പാനിക് ബട്ടനുമില്ല; സുരക്ഷയില്ലാതെ പാസഞ്ചർ ട്രെയിനുകൾ
text_fieldsപാലക്കാട്: മതിയായ സുരക്ഷസംവിധാനമില്ലാതെ സംസ്ഥാനത്തെ പാസഞ്ചർ ട്രെയിനുകൾ. പാലക്കാട് ഡിവിഷന് കീഴിൽ സർവിസ് നടത്തുന്ന മെമു ഒഴികെയുള്ള മിക്ക പാസഞ്ചർ ട്രെയിനുകളിലും കാമറയും പാനിക് ബട്ടനുമില്ല. 200 കിലോമീറ്ററിൽ അധികമോടുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാക്കിയെങ്കിലും യാത്രക്കാർക്കുള്ള സുരക്ഷ കടലാസിൽ മാത്രമാണ്.
സതേൺ റെയിൽവേയിലെ വിവിധ ട്രെയിനുകളിലെ 6600ഓളം കോച്ചുകളിൽ കാമറ സ്ഥാപിച്ചപ്പോൾ പാലക്കാട് ഡിവിഷനോട് അവഗണന മാത്രമാണ്. മിക്ക ട്രെയിനുകളിലും ദുരന്തസാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള പാനിക് ബട്ടൺ പോലുമില്ലാത്തത് പരിതാപകരമാണ്. ട്രെയിനുകളിൽ അത്യാഹിതമുണ്ടായാൽ യാത്രക്കാർക്ക് അപായച്ചങ്ങല മാത്രമാണ് ആശ്രയം. ഓരോ കോച്ചുകളിലും സീറ്റിന് സമീപത്തുള്ള ചുവന്ന ബട്ടൺ അമർത്തിയാൽ മോട്ടോർമാനും ഗാർഡിനും പെട്ടെന്ന് സിഗ്നൽ ലഭിക്കുന്ന സംവിധാനമാണ് പാനിക് ബട്ടൺ. ഇതിനു പുറമെ കോച്ചിന് പുറത്തുള്ള ഫ്ലാഷറിലും അപായ സിഗ്നൽ സംവിധാനം ലഭിക്കുന്നതിനാൽ പുറത്തുള്ള സുരക്ഷ ജീവനക്കാർക്കും അതിവേഗം അറിയാൻ കഴിയും.
കോയമ്പത്തൂർ, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് 50ലധികം പാസഞ്ചർ ട്രെയിനുകളാണ് പ്രതിദിനം സർവിസ് നടത്തുന്നതെന്നിരിക്കെ സ്ത്രീകൾ അടക്കമുള്ള ഇതിലെ യാത്രക്കാർ തികച്ചും അരക്ഷിതരാണ്. രാജ്യത്തുടനീളമോടുന്ന 11,000ത്തോളം ട്രെയിനുകളിൽ 705 കോടി ചെലവിട്ടാണ് സി.സി.ടി.വി സ്ഥാപിക്കാൻ കരാറായതെങ്കിലും രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ ദീർഘദൂര ട്രെയിനുകളിൽ മാത്രമേ പദ്ധതി നടപ്പായുള്ളൂ. രാജ്യത്തെ 4146 ട്രെയിനുകളിൽ കാമറ സ്ഥാപിച്ചെങ്കിലും കൂടുതലും ഉത്തരേന്ത്യയിലോടുന്നവയിലാണ്.
2015ൽ കേരള എക്സ്പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ കാമറ സ്ഥാപിച്ചതൊഴിച്ചാൽ ഇതുവരെ പാസഞ്ചർ ട്രെയിനുകളിലേതടക്കം കാമറ സ്ഥാപിക്കൽ ഫയലിലാണ്. 9000 സ്റ്റേഷനുകളിലായി 12 ലക്ഷം കാമറകൾ സ്ഥാപിച്ചാലേ കേരളത്തിലെ യാത്രക്കാർ സുരക്ഷിതരാവൂ. മിക്ക പാസഞ്ചർ ട്രെയിനുകളും യാചകരും സാമൂഹിക വിരുദ്ധരും കൈയടക്കിയ നിലയിലാണ്. സൗമ്യ വധക്കേസിന് ശേഷമാണ് വനിതകളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര വനിത -ശിശുക്ഷേമ വകുപ്പിന്റെ നിർഭയ ഫണ്ടുപയോഗിച്ച് കാമറ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. കാമറ സ്ഥാപിക്കൽ ഫയലിലൊതുങ്ങുമ്പോൾ യാത്രക്കാർ സുരക്ഷിതമല്ലാത്ത ട്രാക്കുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.