പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പില്ല, ജാഗ്രത തുടരണം
text_fieldsപാലക്കാട്: മെയ് എട്ട് മുതല്‍ 10 വരെ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്നും എന്നാല്‍ ഉഷ്ണതരംഗസാധ്യത മുന്നറിയിപ്പില്ലാത്തതിനാല്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. ക്ലാസുകള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കുന്നത് ഉചിതമായിരിക്കുമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളിൽ പറയുന്നു.
- പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
- ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിര്‍ത്തി വെക്കുക
- ധാരാളമായി വെള്ളം കുടിക്കുക
- അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക
- കായികാധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക
- നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക
- വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലെയും ഉപയോഗമില്ലാത്ത മുറികളിലെയും ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക
- വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക
- മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങള്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം
- തൊഴിലുറപ്പ് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും പൊലീസ് ഉദ്യോഗസ്ഥരും പകല്‍ 11 മുതല്‍ വൈകീട്ട് മൂന്നുവരെ കുട ഉപയോഗിക്കണം
- വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകല്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
- അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.
- എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
- പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.