മാലിന്യം തള്ളുന്നത് പിടികൂടാനുള്ള രാത്രികാല പട്രോളിങ് നിലച്ചിട്ട് മാസങ്ങൾ;മാലിന്യം നിറഞ്ഞ് പാലക്കാട് നഗരം
text_fieldsപാലക്കാട്: നഗരത്തിൽ വീണ്ടും മാലിന്യം കുമിഞ്ഞു തുടങ്ങി. ഒരിടത്ത് പ്ലാസ്റ്റിക് മാലിന്യമാണെങ്കിൽ മറ്റൊരിടത്ത് കോൺക്രീറ്റ് അവശിഷ്ടം. പ്ലാസ്റ്റിക് നിരോധിച്ച നഗരത്തിൽ പ്ലാസ്റ്റിക് സഞ്ചികളിൽ കെട്ടിയാണ് വലിച്ചെറിയുന്നത്. നഗരത്തിലെ പ്രധാനമേഖലകളെല്ലാം തന്നെ മാലിന്യത്തിന്റെ പിടിയിലാണ്. പല റോഡുകളിലും മൂക്ക് പൊത്താതെ നടക്കാൻ കഴിയില്ലെന്നതാണ് സ്ഥിതി. മാലിന്യം തള്ളരുതെന്ന ബോർഡിന് തൊട്ടുതാഴെ തള്ളിയ ഇടങ്ങളും കുറവല്ല.
ഒഴിഞ്ഞ പറമ്പുകളും ആളില്ലാത്ത ഇടവഴികളും തിരക്ക് കുറഞ്ഞ റോഡുകളുമാണ് ഇഷ്ടകേന്ദ്രങ്ങൾ. റോഡരികുകളില്‍ രാപകല്‍ വ്യത്യാസമില്ലാതെ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു പുറമെ ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യവും പഴയ തുണികളും ഉള്‍പ്പെടെയെല്ലാം പലയിടത്തായി തള്ളുന്നുണ്ട്.
നഗരപരിധിയിലെ റോഡോരങ്ങളില്‍ മാലിന്യം തള്ളുന്നത് പിടികൂടാനായി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാത്രികാല പട്രോളിങ് സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. വേണ്ടത്ര ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ മാലിന്യനീക്കം മന്ദഗതിയിലാണ്. നഗരത്തിന്റെ പല ഭാഗങ്ങളും ചീഞ്ഞുനാറുകയാണ്.
മേപ്പറമ്പ് ബൈപാസ്, ചക്കാന്തറ പള്ളി പരിസരം, സുല്‍ത്താന്‍പേട്ട മാതാകോവില്‍ സ്ട്രീറ്റ്, കല്‍മണ്ഡപം കനാല്‍ പരിസരം, പട്ടിക്കര ചുണ്ണാമ്പുത്തറ റോഡ് തുടങ്ങി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. ഇത്തരത്തില്‍ തള്ളുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം ഉളവാക്കുന്നതിനു പുറമേ ഇവ തെരുവുനായ്ക്കള്‍ റോഡിലേക്ക് കടിച്ചുകീറി ഇടുന്നതും പതിവാണ്. ഇത് കാല്‍നട-വാഹനയാത്രക്കാര്‍ക്ക് പ്രയാസവും സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.