സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരാളുടെയും പണം നഷ്ടമാവില്ല -മന്ത്രി വി.എൻ. വാസവൻ
text_fieldsആലത്തൂർ: സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരാളുടെയും ഒരു രൂപ പോലും നഷ്ടമാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. കാർഷിക ഉൽപന്നങ്ങൾ സൂക്ഷിക്കാൻ നബാർഡിന്റെ സഹായത്തോടെ ആലത്തൂർ സർവിസ് സഹകരണ ബാങ്ക് നിർമിക്കുന്ന ഗോഡൗൺ സമുച്ചയങ്ങളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിൽ ഉണ്ടാകുന്ന പുഴുക്കുത്തുകൾ നിർമാർജനം ചെയ്യുന്ന നിലയിലാണ് സഹകരണ നിയമ ഭേദഗതി. ഒറ്റപ്പെട്ട ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്ക് പോലും പങ്ക് ഉണ്ടാവുന്നുണ്ട്. അത് വെച്ചുപൊറുപ്പിക്കില്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് സുതാര്യവും സൂക്ഷ്മവും കാര്യക്ഷമവുമായി സഹകരണ മേഖല മുന്നേറുമെന്ന് മന്ത്രി പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് പി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കെ.ഡി. പ്രസേനൻ എം.എൽ.എ മികച്ച കൃഷിഭവനുള്ള അവാർഡ് നേടിയ ആലത്തൂർ കൃഷി ഭവനെ ആദരിച്ചു. കേരള റൈസ് ലിമിറ്റഡ് ചെയർമാൻ സി.കെ. രാജേന്ദ്രൻ മികച്ച കർഷകരെയും പാടശേഖര സമിതിയെയും ജോയന്റ് രജിസ്ട്രാർ പി. ഉദയൻ, കേരള ബാങ്ക് റീജനൽ ജനറൽ മാനേജർ ജി. സുരേഷ് കുമാർ എന്നിവർ മികച്ച കർഷക തൊഴിലാളികളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു മികച്ച മുല്ലമിത്ര യൂനിറ്റുകളെയും ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, ടി. വത്സല, പ്ലാനിങ് അസി. രജിസ്ട്രാർ എം. ഹരിദാസൻ, ഓഡിറ്റ് അസി. ഡയറക്ടർ കെ. രാധ, മുൻ എം.എൽ.എ സി.ടി. കൃഷ്ണൻ, എൻ. അമീർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഉമ്മർ അക്ബർ സ്വാഗതവും ഡയറക്ടർ സി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.