മലയോളം ആശ്വാസം; എടത്തനാട്ടുകരയില്‍ ബഫര്‍സോണിൽ സ്വകാര്യസ്ഥലങ്ങളില്ല
text_fieldsഅലനല്ലൂര്‍: സൈലന്റ്വാലി വനമേഖലക്ക് സമീപം സ്വകാര്യ സ്ഥലങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി വനംവകുപ്പിന്റെയും അലനല്ലൂര്‍ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പരിശോധന പൂര്‍ത്തിയാകുന്നു. മലയോര പ്രദേശങ്ങളായ ഉപ്പുകുളത്തെ ചകിടിക്കുഴി, ചോലമണ്ണ്, ചൂരപ്പട്ട, മുണ്ടക്കളം, കിളയപ്പാടം, ചൂളി, പൊന്‍പാറ, ഒലപ്പാറ എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യ സ്ഥലങ്ങള്‍ ബഫര്‍സോണില്‍ വരുന്നില്ലെന്ന് കണ്ടെത്തി. സംരക്ഷിത വനമേഖലയായ സൈലന്റ്വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ വരുന്നില്ലെന്ന് വനംവകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പുതിയ ഉപഗ്രസര്വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ആശങ്ക പരിഹരിക്കുന്നതിനായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ ആഴ്ച മുതല്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ആരംഭിച്ചത്. അലനല്ലൂര്‍ പഞ്ചായത്തില്‍ 276 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
ഇതില്‍ 245 വ്യക്തികളുടെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒരു സര്‍വേ നമ്പര്‍പോലും ബഫര്‍സോണില്‍ വരുന്നില്ലെന്നത് ജനങ്ങള്‍ക്ക് ആശ്വാസം പകരുകയാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ എടത്തനാട്ടുകരയിലെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ ആവര്‍ത്തിച്ചു.
നാല് ദിവസം മുമ്പാണ് പരിശോധന ആരംഭിച്ചത്. ഇനി പിലാച്ചോല, ചളവ ഭാഗങ്ങളില്‍ കൂടി പരിശോധന നടത്താനുണ്ട്.
രണ്ട് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പരിശോധന സംഘം അറിയിച്ചു.
2006ല്‍ പ്രഖ്യാപിച്ച ബഫര്‍സോണ്‍ തന്നെയാണ് ഉപ്പുകുളം മേഖലയില്‍ വരുന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി. ശനിയാഴ്ച ഉപ്പുകുളം മേഖലയില്‍ നടന്ന പരിശോധനക്ക് പഞ്ചായത്ത് അംഗങ്ങളായ നൈസി ബെന്നി, ബഷീര്‍ പടുകുണ്ടില്‍, സൈലന്റ്വാലി വനം ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.റമീസ്, ശക്തിവേല്‍ മുരുകന്, എം.പ്രതീഷ്, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ എ.റിസാന, കാവ്യ വിശ്വംഭരന്, ടി.കെ. മുഹമ്മദ്, സി.മുഹമ്മദാലി, അലി പടുകുണ്ടില്‍, കുഞ്ഞയമ്മു പടുകുണ്ടില്‍, ജോസഫ് അബ്രഹാം, ഹാരിസ് പടുകുണ്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.