വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കിയില്ല; ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്
text_fieldsപാലക്കാട്: അപേക്ഷയില്‍ മറുപടി നല്‍കാത്ത ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ വിവരാവകാശ കമീഷന് നിർദേശം. പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമീഷന് തെളിവെടുപ്പില്‍ 13 കേസുകള്‍ പരിഗണിച്ചു. പത്ത് എണ്ണം തീര്‍പ്പാക്കി.
പാലക്കാട് ആര്.ഡി.ഒ ഓഫിസില്‍ 2018ല്‍ പി. ഗോപാലകൃഷ്ണന് എന്ന വ്യക്തി നല്കിയ അപേക്ഷയില്‍ മറുപടി നല്‍കാതെ ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ വിവരാവകാശം സെക്ഷന്‍ 20(1) പ്രകാരം ശിക്ഷാനടപടി സ്വീകരിക്കാനാണ് സംസ്ഥാന വിവരാവാശ കമീഷന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഓഫിസര്‍ക്കെതിരെ പ്രാഥമിക നടപടിയായി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനും കമീഷന് ആസ്ഥാനത്തേക്ക് വിളിപ്പിക്കാനും തീരുമാനമായി.
തെങ്കര ഗ്രാമപഞ്ചായത്തില്‍ നല്കിയ രണ്ട് അപേക്ഷകള്‍ക്ക് മറുപടി നല്കാത്തതിനാല് ബന്ധപ്പെട്ട എല്ലാ രേഖകളുമായി പഞ്ചായത്ത് എസ്.പി.ഒ, പെര്‍ഫോമന്‍സ് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ മാര്‍ച്ച് 16ന് എറണാകുളത്ത് കമീഷന് മുമ്പാകെ എത്താന്‍ നിർദേശം നല്കി. പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ പ്രമോഷന്, സ്ഥലം മാറ്റം എന്നിവ സംബന്ധിച്ച് വ്യക്തതയില്ലാത്ത മറുപടി നല്കിയ ഓഫിസര്‍മാർ കമീഷന് ആവശ്യപ്പെട്ട രേഖകളുമായി മേയ് മൂന്നിന് തിരുവനന്തപുരത്തെ ആസ്ഥാനത്ത് എത്താന്‍ നിർദേശിച്ചിട്ടുണ്ട്.
കൊല്ലങ്കോട് എ.ഇ.ഒ ഓഫിസിന് കീഴിലെ സ്കൂളില്‍ പ്രധാനാധ്യാപക നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ നിർദേശിച്ചു. 2022 നവംബറില്‍ ആര്.ഡി.ഒ ഓഫിസില്‍ തേങ്കുറിശി സ്വദേശി നല്കിയ അപേക്ഷയില്‍ ആലത്തൂര്‍ താലൂക്കിലെ തേങ്കുറിശി വില്ലേജില്‍ 4.36 ഏക്കര്‍ സ്ഥലത്തെ മാനവ വിക്രമ സാമൂതിരി രാജാവിന്റെ കുളം മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത രേഖകള്‍ മാര്‍ച്ച് 16ന് ഹാജരാകാന്‍ നിര്‍ദേശിച്ചു. തത്തമംഗലം സ്വദേശി കൃഷ്ണകുമാര്‍ നല്കിയ അപേക്ഷയില്‍ ആവശ്യപ്പെട്ട രേഖകള്‍ മാര്‍ച്ച് 15നകം ലഭ്യമാക്കി കൈപ്പറ്റ് രസിത് കമീഷന് ലഭ്യമാക്കാനും നിര്‍ദേശിച്ചു.
അട്ടപ്പാടിയിലെ അഗളി ലാൻഡ് ട്രൈബ്യൂണലിലെ പട്ടയ പകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ അപേക്ഷകര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാനോ ക്രയവിക്രയം ചെയ്യാനോ സാധ്യമാകാത്ത സാഹചര്യമടങ്ങിയ പരാതി കമീഷന് ലഭിച്ചു. ഇതില്‍ മാര്‍ച്ച് 16നകം ബാക്ക് ഫയല്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് സമയം അനുവദിച്ചു. വിദ്യാഭ്യാസ-റവന്യൂ വകുപ്പുകളിലെ ചില ഫയലുകള്‍ ഇനിയും കണ്ടെത്തി നല്കാന് ഉണ്ട്. മാര്‍ച്ച് 16നകം ഇവ കണ്ടെത്തി അപേക്ഷകര്‍ക്ക് നല്‍കുമെന്ന് ബന്ധപ്പെട്ട ഓഫിസര്‍മാര്‍ എഴുതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.