ശബ്ദമില്ല വെളിച്ചവുമണഞ്ഞു
text_fieldsപാലക്കാട്: കോവിഡ് വ്യാപനവും പിന്നാലെയെത്തിയ അടച്ചുപൂട്ടലും വില്ലനായപ്പോൾ ജീവിതം വഴിമുട്ടിയത് ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ്. നാടിെൻറ പ്രതിഷേധങ്ങൾക്കും ആഘോഷങ്ങൾക്കും ശബ്ദവും വെളിച്ചവും വേദിയുമായി െപാലിമ കൂട്ടിയ ലൈറ്റ് ആൻഡ് സൗണ്ട്സ്, പന്തൽ തൊഴിലാളികളുടെ കഥയും വേറിട്ടതല്ല. മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ അവസാനത്തെ ഇരയാണ് ശനിയാഴ്ച ജീവനൊടുക്കിയ വെണ്ണക്കര സ്വദേശിയും ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമയുമായ വെണ്ണക്കര പനയൽപുര വീട്ടിൽ പൊന്നുമണി.
വഴിമുട്ടിയ ജീവിതങ്ങൾ
തൊഴിൽ പച്ചപിടിച്ച് വരുന്നതിനിടെ മുതൽമുടക്കിനായി വിവിധ ബാങ്കുകളിൽനിന്ന് ലോൺ എടുത്തിരുന്നു പൊന്നുമണി. മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ സ്വർണമടക്കം ലോക്ഡൗൺ പ്രതിസന്ധിക്കിടെ പണയത്തിലായതോടെ നിരാശനായി ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നു. കുടുംബശ്രീ മുതൽ ചെറുകിട ധനകാര്യസ്ഥാപനങ്ങളിൽനിന്നും വൻകിട ബാങ്കുകളിൽനിന്നുമെടുത്ത കടങ്ങൾ എങ്ങനെ വീട്ടുമെന്നറിയാതെ പകച്ചുനിൽക്കുന്ന മൂത്ത മകൻ സുധിലേഷ് അടക്കമുള്ളവർ ഇൗ സമൂഹം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വരച്ചുകാണിക്കുന്നു.
ജില്ലയിൽ ചെറുതും വലുതുമായി മേഖലയിൽ 3000 സംരംഭകർ ഉണ്ടെന്നാണ് കണക്ക്. ആകെ തൊഴിലെടുക്കുന്നവരുടെ എണ്ണം 10,000 വരും. കോവിഡ് വ്യാപനം മൂലം ആഘോഷങ്ങൾ, പൊതുപരിപാടികൾ, ഉത്സവങ്ങൾ എന്നിവക്ക് പൂട്ടുവീണതോടെ പ്രതിസന്ധിയിലായ മേഖല കോവിഡ് ഒന്നാം തരംഗത്തിൽനിന്ന് കരകയറുന്നതിനിടെയാണ് രണ്ടാംവരവ് വീണ്ടും പ്രതിസന്ധിയിലാക്കിയത്.
പൊടിപിടിച്ചും തുരുമ്പിച്ചും സ്വപ്നങ്ങൾ
രണ്ടാംതരംഗം രൂക്ഷമായതോടെ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ സീസൺ വരുമാനം ഇവർക്ക് നഷ്ടമായി. പരിപാടികൾ ഇല്ലാതായതോടെ ഉപകരണങ്ങളെല്ലാം നശിക്കുന്ന അവസ്ഥയാണെന്ന് മേഖലയിലുള്ളവർ പറയുന്നു. വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങിയ പലരും നിലവിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ദുരിതത്തിലാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ജനറേറ്റർ, വാഹനങ്ങൾ എന്നിവ മാസങ്ങളോളം ഉപയോഗിക്കാതായതോടെ പലതും തകരാറിലായി. നിലവിലെ ഡീസൽ വില വർധനയിൽ ജനറേറ്റർ ഒരുമണിക്കൂർ പ്രവർത്തിപ്പിക്കാൻ തന്നെ 1200 രൂപയോളം വേണം. ഇവ കേടാകാതിരിക്കാൻ ഇടക്ക് പ്രവർത്തിപ്പിക്കുകയും വേണം.
ഇത്തരം പ്രതിസന്ധികൾമൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെയും ഉടമകളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.