പരിശീലനത്തിന് ട്രാക്കില്ല; സ്കൂൾ കായികതാരങ്ങൾ കിതക്കുന്നു
text_fieldsപാലക്കാട്: സംസ്ഥാന-ദേശീയ കായികമത്സരങ്ങളിൽ മെഡലുകൾ നേടി കുതിക്കുമ്പോഴും പരിശീലനത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാതെ സ്കൂൾ കായികതാരങ്ങൾ കിതക്കുന്നു.
സ്വന്തമായി ട്രാക്കും പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങളുമുള്ള സ്കൂളുകൾ ജില്ലയിൽ വിരലിലെണ്ണാവുന്നവേയുള്ളൂ. പറളി ഹൈസ്കൂൾ, കോട്ടായി ഹൈസ്കൂൾ, ചാത്തന്നൂർ ജി.എച്ച്.എസ്.എസ്, മാരായമംഗലം ജി.എച്ച്.എസ്.എസ്, ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ട്രാക്കും അനുബന്ധ സൗകര്യങ്ങളുമുള്ളത്.
അത് ലറ്റിക്സിൽ ദേശീയ-അന്തർദേശീയ താരങ്ങളെ സൃഷ്ടിച്ചിട്ടുള്ള പറളി ഹൈസ്കൂളിൽ 200 മീറ്റർ ട്രാക്കാണുള്ളത്. ഇതിനുപുറമേ ഫുട്ബാൾ ഫീൽഡും നീന്തൽകുളവുമുണ്ട്. കോട്ടായി ഹൈസ്കൂളിൽ 200 മീറ്റർ ട്രാക്കിനു പുറമേ ബാസ്കറ്റ് ബാൾ കോർട്ടും വോളിബാൾ കോർട്ടുമുണ്ട്.
ചാത്തന്നൂർ സ്കൂളിൽ 400 മീറ്റർ ട്രാക്കാണുള്ളത്. ആറ് ലൈൻ ട്രാക്കാണിത്. കൂടാതെ ഫുട്ബാൾ ഫീൽഡുമുണ്ട്. മാരായമംഗലം സ്കൂളിൽ ഫുട്ബാൾ ടർഫ് ഫീൽഡുണ്ട്. ചിറ്റിലഞ്ചേരി സ്കൂളിൽ ആലത്തൂർ എം.എൽ.എയുടെ ഫണ്ട് വിനിയോഗിച്ച് നിർമിച്ചിട്ടുള്ള മിനി സ്റ്റേഡിയം ആണുള്ളത്.
ബാസ്ക്കറ്റ് ബാൾ, വോളിബാൾ, ഫുട്ബാൾ കോർട്ടുകളുമുണ്ട്. ചുറ്റും മതിൽ കെട്ടി ഗാലറിയും ഒരുക്കിയിട്ടുണ്ട്. ഇവയല്ലാതെ ജില്ലയിൽ മറ്റു സ്കൂളുകളിലൊന്നും കായിക പരിശീലനത്തിന് സൗകര്യമുള്ള മൈതാനങ്ങളില്ല. കെട്ടിടങ്ങൾ നിറഞ്ഞതും മൈതാനങ്ങൾ കുറയാൻ കാരണമായി.
പരിമിതമായ സൗകര്യങ്ങളിലാണ് ജില്ലയിലെ കുട്ടികൾ മികച്ച പരിശീലനം നടത്തി സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ ഉൾപ്പെടെ മെഡലുകൾ വാരിക്കൂട്ടുന്നത്. നിരവധി പേർ ദേശീയതലത്തിലും മെഡലുകൾ നേടിയിട്ടുണ്ട്. പാലക്കാട് മെഡിക്കൽ കോളജിലെ സിന്തറ്റിക് ട്രാക്കിലും സ്വകാര്യ ക്ലബുകളുടെ സഹകരണത്തിലുമാണ് പല കുട്ടികളും മികച്ച പരിശീലനം നടത്തുന്നതെന്ന് ജില്ല സ്പോർട്സ് കൗൺസിൽ അധികൃതർ പറയുന്നു.
ജില്ലയുടെ പല ഭാഗങ്ങളിൽനിന്നും കായികതാരങ്ങൾ പാലക്കാട് മെഡിക്കൽ കോളജിൽ പരിശീലനത്തിനെത്താറുണ്ട്. എന്നാൽ, 2015ൽ നിർമിച്ച ട്രാക്കിൽ വേണ്ടവിധത്തിൽ പരിപാലനം നടക്കുന്നില്ലെന്നും ആരോപണമുണ്ട്. അടിസ്ഥാനസൗകര്യങ്ങളുമില്ല. ജില്ലയിലെ കാലാവസ്ഥയും ട്രാക്കിന്റെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സ്ഥലപരിമിതിയാണ് സ്കൂളുകളിൽ ഗ്രൗണ്ടുകൾ ഒരുക്കുന്നതിന് നേരിടുന്ന പ്രധാന തടസ്സം. ഉള്ള ചെറിയ സ്ഥലത്തുപോലും കെട്ടിടങ്ങൾ ഉയരുന്നതിനാൽ മൈതാനങ്ങൾ കുറഞ്ഞുവരുന്നു. സ്കൂളുകളിൽ കായികപരിശീലനത്തിന് നിർബന്ധമായും മൈതാനങ്ങൾ വേണമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ അധികൃതർ പറയുന്നു.
ജില്ലയിൽ ആയിരത്തിലേറെ സ്കൂളുകൾ
ജില്ലയിൽ ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആകെ 1003 സ്കൂളുകളാണുള്ളത്. മൂന്ന് ടെക്നിക്കൽ സ്കൂളുകളുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ എം.ആർ.എസും വി.എച്ച്.എസ്.എസും ഉൾപ്പെടെ 67 സ്കൂളുകളാണുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ 78 സർക്കാർ സ്കൂളുകളും സ്വകാര്യ എയ്ഡഡ് വിഭാഗത്തിൽ 96 സ്കൂളുകളും സ്വകാര്യ അൺഎയ്ഡഡ് വിഭാഗത്തിൽ 42 സ്കൂളുകളും ജില്ലയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.