നെല്ലിയാമ്പതിയിൽ നിയന്ത്രണങ്ങൾക്ക് പുല്ലുവില: അപകട മേഖലകളിൽ സന്ദർശക വിളയാട്ടം
text_fieldsനെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ അപകടമേഖലകളിൽ നിയന്ത്രണങ്ങൾ ലംഘിച്ച് സന്ദർശകർ. സീതാർകുണ്ട്, കേശവൻപാറ ഭാഗങ്ങളിൽ നേരത്തേ വെള്ളച്ചാട്ടത്തിൽപെട്ട് നിരവധി സന്ദർശകർക്ക് ജീവഹാനി സംഭവിച്ചിരുന്നു. സ്വകാര്യ എസ്റ്റേറ്റുകളിലെ വെള്ളക്കെട്ടുകളിലും സന്ദർശകർ അപകടത്തിൽപെട്ട് മരിച്ചിരുന്നു.
അപകട മേഖലകളിൽ സന്ദർശകർ എത്താതിരിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇതെല്ലാം വെറുതെയായ സാഹചര്യമാണ്. സീതാർകുണ്ട് വ്യൂ പോയന്‍റിൽ സ്ഥാപിച്ച മരം കൊണ്ടുള്ള വേലിയും മറികടന്നാണ് സന്ദർശകർ പോകുന്നത്.
ഇവരെ നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. മുമ്പ് ഉരുൾപൊട്ടൽ നടന്ന കുണ്ടറച്ചോലയിലെ പാറക്കെട്ടുകളിലിരുന്ന് സന്ദർശകർ സെൽഫിയെടുക്കുന്നതും സാധാരണമാണ്.
എന്നാൽ, വനംവകുപ്പിന്‍റെ അധീനതയിലുള്ള ഈ ഭാഗങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തേണ്ടത് വനംവകുപ്പ് അധികൃതരുടെ ചുമതലയാണ്. എന്നാൽ, പോത്തുണ്ടി ചെക്ക്പോസ്റ്റിനുശേഷം സന്ദർശകരെ നിരീക്ഷിക്കാൻ വകുപ്പ് അധികൃതർ ശ്രദ്ധ ചെലുത്തുന്നില്ല. ഇതുമൂലം അപകടം നടന്നാൽ സംഭവസ്ഥലത്തെത്താൻ കഴിയുന്നതുപോലും വളരെ വൈകിയാണ്. സന്ദർശകരുടെ ജീവന് സുരക്ഷ നൽകേണ്ട പൊലീസിന്‍റെ സാന്നിധ്യവും ഇവിടെയില്ല. ജാഗ്രത പുലർത്താനുള്ള സൂചന ബോർഡ് പോലും അപകടമേഖലകളിലില്ല. മഴക്കാലത്തിനുശേഷം സീസണാവുമ്പോൾ കൂടുതൽ സന്ദർശകർ നെല്ലിയാമ്പതിയിലെത്താറുണ്ട്. എന്നാൽ, സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.