ആശങ്ക വേണ്ട: ആശുപത്രികളിൽ സൗകര്യങ്ങൾ സജ്ജമാക്കാൻ കലക്ടറുടെ നിർദേശം
text_fieldsപാലക്കാട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര. മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ആലോചന യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി, ജില്ല മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങളൊരുക്കാൻ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണം.
അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. സ്വകാര്യ ആശുപത്രികളില്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്നവരുടെ വിവരം ഡി.എം.ഒയെ അറിയിക്കണം. ഇതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കും. വവ്വാലുകള്‍ കൂടുതലായി കാണുന്ന ടൂറിസ്റ്റ് പ്രദേശങ്ങളില്‍ ജാഗ്രത വേണമെന്നും കലക്ടര്‍ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം അനാവശ്യ ആശുപത്രി സന്ദര്‍ശനം വേണ്ട -ഡി.എം.ഒ
പാലക്കാട്: രോഗബാധ സ്ഥിരീകരിച്ച മേഖലകളിലേക്കും കണ്ടെയ്മെന്റ് സോണുകളിലേക്കുമുള്ള യാത്ര പൊതുജനങ്ങള്‍ പരമാവധി നിയന്ത്രിക്കണമെന്ന് ഡി.എം.ഒ ഡോ. കെ.പി റീത്ത അറിയിച്ചു. ഈ മേഖലകളിലേക്ക് യാത്ര ചെയ്തിട്ടുള്ള രോഗലക്ഷണമുള്ളവര്‍ ഡോക്ടറോട് യാത്രാവിവരം ആദ്യം നല്‍കണം. വീട്ടുമുറ്റത്തെ പഴങ്ങള്‍ കഴുകിയും തൊലി കളഞ്ഞും മാത്രം ഭക്ഷിക്കണം. നിലത്തുവീണതും പക്ഷിമൃഗാദികള്‍ കടിച്ചതും ഭക്ഷിക്കരുത്.
ആരോഗ്യപ്രവര്‍ത്തകര്‍ പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കും. എന്നാല്‍, എല്ലാ ലക്ഷണവും നിപ അല്ല എന്ന ബോധ്യത്തോടെയാവും ചികിത്സ നല്‍കുക. ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കും. മഴക്കാലത്ത് ആരംഭിച്ച പനി ക്ലിനിക്കുകള്‍ തുടരും.
ആരോഗ്യപ്രവര്‍ത്തകര്‍ രോഗം പകരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. രോഗികളുമായി ധാരാളം പേര് സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. ജീവനക്കാരും സന്ദര്‍ശകരും പുലര്‍ത്തേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കും. ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് നല്‍കും. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മാസ്ക്, സാനിറ്റൈസര്‍, പി.പി.ഇ കിറ്റ് തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുമെന്നും ഡി.എം.ഒ അറിയിച്ചു. യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.പി. റീത്ത, ഹോമിയോ-ആയുര്‍വേദ ഡി.എം.ഒമാര്‍, ആശുപത്രി പ്രതിനിധികള്‍, നഴ്സിങ് സൂപ്രണ്ട് പ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.