യൂനിയനുകളുടെ നിസ്സഹകരണം വെയർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നെന്ന്
text_fieldsപാലക്കാട്: യൂനിയനുകളുടെ നിസ്സഹകരണം സംസ്ഥാനത്തെ വെയർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതായി പരാതി. ഭക്ഷ്യഗോഡൗണുകളടക്കമുള്ളിടങ്ങളിൽ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. ചൊവ്വാഴ്ച ഒലവക്കോട് എഫ്.സി.ഐയിൽ തൊഴിലാളികൾ അലംഭാവം കാണിച്ചത് മൂലം 70 മെട്രിക് ടൺ ഭക്ഷ്യധാന്യം വിതരണത്തിനിറങ്ങാതെ ഗോഡൗണിൽ കെട്ടിക്കിടന്നതിനെ തുടർന്ന് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മാർച്ച് 15നകം ഗോഡൗണിൽ നിന്ന് വിതരണത്തിനിറങ്ങേണ്ടിയിരുന്ന ഭക്ഷ്യധാന്യമാണ് ഗോഡൗണിൽ കെട്ടിക്കിടന്നത്. മാർച്ചിൽ വിതരണം ചെയ്യേണ്ട അരിയും ഗോതമ്പുമടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ കയറ്റാനായി വാഹനങ്ങൾ ഉച്ചക്ക് രണ്ടോടെ ഗോഡൗണിൽ എത്തിയെങ്കിലും തൊഴിലാളികൾ ഓവർടൈം ജോലിക്ക് കയറാനാവില്ലെന്ന് അറിയിച്ചതോടെ തിരിച്ചുപോവുകയായിരുന്നു.
പ്രതിദിനം എൺപതോളം വാഹനങ്ങൾ ലോഡ് കയറ്റിപ്പോയിരുന്ന ഇവിടെ നിലവിൽ 50 വാഹനങ്ങളിൽ മാത്രമാണ് ലോഡ് കയറ്റുന്നത്. കൂലിക്ക് പുറമെ അട്ടിക്കാശ് എന്ന പേരിൽ അമിത കൂലി വാങ്ങുന്നതിനെതിരെ ഹൈകോടതിയിൽനിന്ന് കരാറുകാരൻ അനുകൂല വിധി നേടിയിരുന്നു. അട്ടിക്കാശ്, നോക്കുകൂലി എന്നിവക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയതോടെയാണ് തൊഴിലാളികൾ ജോലിയിൽ നിസ്സഹകരണമടക്കമുള്ള പ്രതിഷേധം തുടങ്ങിയത്.
ബിവറേജസ് കോർപറേഷന്‍റെ വെയർഹൗസുകളിലും 'ബോണസ്' എന്ന പേരിൽ അമിത കൂലി വാങ്ങുന്നതായി ലോറി ഉടമകൾക്ക് പരാതിയുണ്ട്. ബോണസ് നൽകാൻ തയാറാവാത്ത വാഹനങ്ങളിൽനിന്ന് സാവധാനമാണ് ലോഡിറക്കുക. ഇതോടെ ഇത്തരം വാഹനങ്ങൾ ദിവസങ്ങളോളം ഗോഡൗണിൽ കുടുങ്ങിക്കിടക്കും. 50,000 മുതൽ ലക്ഷം വരെയാണ് ഗോഡൗണുകളിലെ തൊഴിലാളികളുടെ മാസശമ്പളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.