കൂളല്ല, സ്കൂൾ വിപണി
text_fieldsപാലക്കാട്: പുതിയ ബാഗും കുടയും നോട്ടുപുസ്തകങ്ങളുമായി പുതിയ അധ്യയന വർഷത്തെ കാത്തിരിക്കുകയാണ് കുട്ടികൾ. മേയ് രണ്ടാം വാരം മുതൽ സ്കൂൾ വിപണി സജീവമാണ്. സ്കൂൾ തുറക്കുമ്പോൾ ആവശ്യമായ എല്ലാ സാധനങ്ങളും വാങ്ങാൻ കുട്ടികളുമായി പരക്കം പായുകയാണ് രക്ഷിതാക്കൾ. പുത്തൻ ഡിസൈൻ ബാഗുകൾക്കും ട്രെന്റിങ് കുടകൾക്കും ആവശ്യക്കാരേറെയാണ്. നഗരത്തിലെയും നാട്ടിൻപുറങ്ങളിലെയും സ്കൂൾ വിപണികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
മുൻ വർഷങ്ങളേക്കാൾ വിപണി സജീവമാണെങ്കിലും വിപണിയിലെ കൃത്രിമ വിലക്കയറ്റം രക്ഷിതാക്കളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വ്യാപാരികൾ വലിയ പ്രതീക്ഷയിലാണെങ്കിലും വിലക്കയറ്റത്തിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. പഠനോപകരണങ്ങൾക്കെല്ലാം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്.
400 രൂപ മുതൽ 1000 രൂപ വരെയുള്ള ബാഗുകൾ വിപണിയിലുണ്ട്. കുടകൾക്കും, മഴക്കോട്ടുകൾക്കും ബ്രാൻഡ് അനുസരിച്ചാണ് വില വർധനവുണ്ടായത്. 200 രൂപ മുതൽ 900 രൂപ വരെയുള്ള കുടകൾ വിപണിയിലുണ്ട്. 500 മുതൽ 2000 രൂപ വരെ മഴക്കോട്ടുകൾക്ക് വിലയുണ്ട്.
പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പറുകൾക്കും വില വർധിച്ചു. ആറു മാസത്തിനിടെ വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലേറെയാണ് വിലവർധനവുണ്ടായത്. ഇതു നോട്ട്ബുക്ക് വിപണിയെയും ബാധിച്ചിട്ടുണ്ട്. അഞ്ചുരൂപ മുതൽ 10 രൂപ വരെയാണ് നോട്ടുപുസ്തകങ്ങളുടെ വില വർധിച്ചത്. ടിഫിൻ ബോക്സുകൾക്കും ഇൻസ്ട്രുമെന്റ് ബോക്സുകൾക്കും 50 രൂപയിലധികം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.