മതിയായ ട്രെയിനുകളില്ല; പാളംതെറ്റി ഓണയാത്ര
text_fieldsപാലക്കാട്: ഓണത്തിന് നാട്ടിലെത്താനുള്ള പ്രതീക്ഷകൾ താളംതെറ്റിച്ച് റെയിൽവേ. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് റെയിൽ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും മുൻവർഷങ്ങളിൽ അനുവദിച്ചിരുന്നെങ്കിൽ ഇപ്രവാശ്യം സ്പെഷൽ ട്രെയിനുകൾ നാമമാത്രം അനുവദിച്ച് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് ലഭ്യമല്ല. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് പ്രത്യേക ട്രെയിനുകളില്ല. ചെന്നൈ, ബംഗളൂരു എന്നിവടങ്ങളിലേക്കായി ഒമ്പത് സ്പെഷൽ ട്രെയിനുകളാണ് റെയിൽവേ അനുവദിച്ചത്.
തൽക്കാൽ നിരക്കാണ് യാത്രക്കാരിൽനിന്ന് ഈ ട്രെയിനുകൾ ഈടാക്കുന്നത്. കോവിഡിന് മുമ്പുണ്ടായിരുന്ന പല ട്രെയിനുകളും പുനഃസ്ഥാപിച്ചിട്ടില്ല. അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ പൂർണ ഇളവ് നൽകി യാത്ര സാധാരണ നിലയിലേക്ക് എത്തിയത് തിരക്ക് വർധിക്കാൻ കാരണമായി.
പല ദീർഘദൂര ട്രെയിനുകളിലും ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. വിദ്യാലയങ്ങൾ ഓണാവധിക്ക് അടച്ചതോടെ നാട്ടിലേക്ക് പോകുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിച്ചു. ധൻബാദ്-ആലപ്പുഴ എക്സപ്രസിന്‍റെ കോച്ചുകൾ എൽ.എച്ച്.ബിയിലേക്ക് മാറ്റിയതോടെ ജനറൽ കോച്ചുകളുടെ എണ്ണം കുറയുകയും തിരക്ക് വർധിക്കുകയും ചെയ്തു. ആലപ്പുഴ-ധൻബാദ് എക്സപ്രസ്, ന്യൂഡൽഹി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് തുടങ്ങി മിക്ക ദീർഘദൂര ട്രെയിനുകളും വൈകി ഓടുന്നത് യാത്രാദുരിതം വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.