കാറ്റല്ല, കൊടുങ്കാറ്റ്; നവകേരള സദസ്സിന് പാലക്കാട് ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം
text_fieldsസംസ്ഥാനത്തിന് പിന്തുണ ഏറ്റവുമധികം ആവശ്യമായ സമയം -മുഖ്യമന്ത്രി
ചാലിശ്ശേരി: സംസ്ഥാനത്തിന് പിന്തുണ ഏറ്റവുമധികം ആവശ്യമായ സമയമാണെന്ന് മുഖ്യമന്ത്രി പിണറായി. നവകേരള സദസിന്റെ പാലക്കാട് ജില്ലയിലെ ആദ്യ പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. നവകേരള സദസിലെ ജനസഞ്ചയം നാടിന്റെ ഭാവി ഭദ്രമെന്നതിന് തെളിവാകുമ്പോള്‍ ഇത്തരം പരിപാടി ബഹിഷ്കരിച്ചു കൊണ്ടിരിക്കുന്ന യു.ഡി.എഫ് നാടിന്റെ ശത്രുവാണ്. നവകേരളയുടെ ലക്ഷ്യം വികസനങ്ങളുടെ വലിയൊരു കാഴ്ചപാടാണ്.
അതിന് രാഷ്ട്രീയത്തിനധീതമായി എല്ലാകക്ഷികളും സഹകരിക്കേണ്ടതുണ്ട്. പക്ഷേ ഇവിടെയെല്ലാം യു.ഡി.എഫ് ബഹിഷ്കരണ രീതിയാണ് സ്വീകരിക്കുകയാണ്. നിരവധി പ്രശ്നങ്ങളെ നേരിടുന്ന ഈ സമയത്ത് പിന്തുണച്ചില്ലെങ്കിൽ പിന്നെപ്പോൾ എന്ന ചോദ്യം ബാക്കിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. തുറമുഖം - മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ സംസാരിച്ചു. മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പട്ടാമ്പി തഹസില്‍ ദാര്‍ ടി.പി. കിഷോര്‍ സ്വാഗതവും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജീന നന്ദിയും പറഞ്ഞു.
‘കേരളത്തെ നിക്ഷേപ സൗഹൃദമാക്കും’
ചെർപ്പുളശ്ശേരി: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം ഷൊർണൂർ മണ്ഡലം സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ആയുർവേദത്തെ ഉപയോഗപ്പെടുത്തി ഷൊർണ്ണൂരിനെ വെൽനെസ് സെന്ററാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു.
പി. മമ്മി കുട്ടി എം.എൽ.എ.അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, ചിഞ്ചുറാണി എന്നിവർ സംസാരിച്ചു. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, രാമചന്ദ്ര പുലവർ, ശാസ്ത്രജ്ഞൻ അശ്വിൻ ശേഖർ എന്നിവർ മുഖ്യാതിഥികളായി. ഒറ്റപ്പാലം തഹസിൽദാർ സി.എം. അബ്ദുൾ മജീദ് സ്വാഗതവും നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
ലോക നിലവാരത്തിലേക്ക് ഉയർത്തും
ഒറ്റപ്പാലം: 25 വർഷം കൊണ്ട് മികച്ച ലോക രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും എന്നാൽ തടസ്സമാകുന്നത് കേന്ദ്രത്തിന്റെ നിലപാടുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലപ്പുറം ചിനക്കത്തൂർ കാവ് മൈതാനിയിൽ സംഘടിപ്പിച്ച നിയോജക മണ്ഡലം തല നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹായിക്കുന്നതിന് പകരം അവഗണിക്കുകയും അർഹമായത് നേടിയെടുക്കുന്നതിന് തടസ്സം നിൽക്കുകയുമാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ.പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ.ബിന്ദു, പി.പ്രസാദ് എന്നിവർ സംസാരിച്ചു.
കൊച്ചി -ബംഗളുരു വ്യവസായ ഇടനാഴി ഉടൻ -പി. രാജീവ്
ചാലിശ്ശേരി: ജില്ലയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി -ബംഗളുരു വ്യവസായ ഇടനാഴി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. തൃത്താല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ കേരളത്തിലാണ്. വിദ്യാർഥികളുടെ കണ്ടെത്തലുകൾ ശരിയായ രീതിയിൽ വ്യവസായികമായി മാറ്റുന്നതിന് വേണ്ട സൗകര്യം ഒരുക്കുകയാണ് സർക്കാർ.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രായോഗികമാറ്റങ്ങൾ വരുത്താൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ആദ്യത്തെ ഗ്രീൻ ഇന്നവേറ്റീവ് സെന്റർ പാലക്കാട് ആണ് ആരംഭിക്കാൻ പോകുന്നത്. ആദ്യ സ്വകാര്യ വ്യവസായ പാർക്കും പാലക്കാടാണ്. -മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് സ്ത്രീ ബഹളം വച്ചു
ചാലിശ്ശേരി: ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം രാവിലെ മുതല്‍ ജനസാഗരം ഒഴുകിയെത്തി. ചാലിശ്ശേരി മുലയംപറമ്പ് പൂരത്തിനെ അനുസ്മരിപ്പിക്കും വിധം സ്ത്രീപുരുഷഭേദമന്യേ കുട്ടികളും വയോധികരുമടക്കം ജനം നടന്നുനീങ്ങിയാണ് വേദിക്ക് മുന്നില്‍ സ്ഥാനം പിടിച്ചത്. 5000ത്തോളം പേരെ ഉള്‍കൊള്ളുന്ന വേദി 10മണിയോടെ നിറഞ്ഞ് പുറത്തേക്കൊഴുകി.
ഓഡിറ്റോറിയത്തിനകത്ത് 20 കൗണ്ടറുകളിലും നിവേദനങ്ങള്‍ കൈമാറാന്‍ നീണ്ടവരിയായിരുന്നു. അവസാന നിവേദനവും സ്വീകരിച്ചാണ് കൗണ്ടറുകള്‍ നിര്‍ത്തിവച്ചത്. പ്രധാന കവാടത്തില്‍ രാവിലെ മുതല്‍ പഞ്ചവാദ്യം മറ്റുഘോഷയാത്രയും സ്റ്റേജില്‍ വിവിധ കലാപരിപാടികളും അരങ്ങേറിയിരുന്നു. ഉച്ചക്ക് ഒന്നോടെ നവകേരള ബസ് എത്തി. ഈസമയം ഹര്‍ഷാരവങ്ങളുമായി പ്രവര്‍ത്തകരും ജനങ്ങളും എഴുന്നേറ്റ് മുഖ്യമന്ത്രിയേയും മറ്റുമന്ത്രിമാരേയും സ്വകരിച്ചു.
അതിനിടെ മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് ഒരു സ്ത്രീ ബഹളം വച്ചതോടെ സെക്യൂരിറ്റിക്കാരും മറ്റും തടഞ്ഞു. മാനസിക തകരാറുള്ള ഇവരെ പിന്നീട് ആംബുലന്‍സില്‍ കയറ്റികൊണ്ടുപോയി.
കലാഗ്രാമം മുതൽ വന്യജീവി സംരക്ഷണം വരെ; പ്രഭാത സദസ്സ് സമ്പന്നം
ഷൊർണൂർ: നവകേരള സദസ്സുമായി ബന്ധപ്പെട്ട് കുളപ്പുള്ളി പള്ളിയാളി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലയിലെ ആദ്യ പ്രഭാതയോഗത്തില്‍ ആവശ്യങ്ങളെത്തിയ ഉടൻ മുഖ്യമന്ത്രിയിൽനിന്ന് പരിഹാരങ്ങളുമെത്തി. മട്ടന്നൂർ ശങ്കരൻ കുട്ടിയുൾപ്പെടെ പ്രമുഖരും സംഘടന പ്രതിനിധികളും പങ്കെടുത്തു. ഇവയാണ് പ്രഭാത യോഗത്തിൽ ഉയർന്ന ആവശ്യങ്ങൾ.
ഷൊര്‍ണൂരില്‍ കലാഗ്രാമം ആരംഭിക്കണം
ഭാരതപ്പുഴയുടെയും കൈവഴികളുടെയും തീരം കേന്ദ്രീകരിച്ച് പാവക്കൂത്ത്, കണ്യാര്‍കളി, പൂതന്‍തിറ തുടങ്ങി നിരവധി കലാരൂപങ്ങളുണ്ടെന്നും ഇവയെ എല്ലാം ടൂറിസവുമായി ബന്ധിപ്പിച്ച് ഷൊര്‍ണൂരില്‍ കലാഗ്രാമം ആരംഭിക്കണമെന്നും തോല്‍പ്പാവക്കൂത്ത് കലാകാരനായ പത്മശ്രീ രാമചന്ദ്ര പുലവര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ പത്മശ്രീ നേടിയ കലാകാരന്മാര്ക്ക് ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷൊര്‍ണൂരില്‍ കലാകേന്ദ്രം സ്ഥാപിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
യുവാക്കൾക്ക് തൊഴിൽ സംരംഭങ്ങൾ വേണം
പഠനത്തിനും തൊഴിലിനുമായി യുവാക്കള്‍ വിദേശത്തേക്ക് പോവുകയാണെന്നും അവരെ കേരളത്തില്‍ പിടിച്ചുനിര്‍ത്തുന്ന രീതിയിലുള്ള തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാക്കണമെന്നും വിലകയറ്റം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഫാ.ഷിനു എബ്രഹാം ആവശ്യപ്പെട്ടു. ചെറുപ്പക്കാര്‍ പഠനത്തിനും തൊഴിലുമായി വിദേശത്തേക്കേ പോകുന്ന പ്രശ്നം എല്ലാ സംസ്ഥാനങ്ങളും നേരിടുന്ന പൊതുവായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കാലത്ത് ഇത് വല്ലാതെ നിയന്ത്രിക്കാനാവില്ല. പുതിയകാലത്തിന് ചേര്‍ന്ന കോഴ്സുകള്‍ ആരംഭിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കിയും മാത്രമേ ഇത് നിയന്ത്രിക്കാനാവൂ. ഉന്നതവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് സര്‍ക്കാര്‍ -മുഖ്യമന്ത്രി പറഞ്ഞു.
യാത്രാ സൗകര്യങ്ങള്‍ വികസിപ്പിക്കണം
കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അടിസ്ഥാന യാത്രാ സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും പട്ടാമ്പി മേഖലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി സിദ്ദിഖ് സഖാഫി അഭിപ്രായപ്പെട്ടു.
പാലക്കാട് മെഡിക്കല്‍ കോളജ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകണം
പാലക്കാട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ഡോ. ഹിമയുടെ ആവശ്യം. പാലക്കാട് മെഡിക്കല്‍ കോളജ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ ജില്ല ആശുപത്രിയിലാണ് എം.ബി.ബി.എസ് വിദ്യാർഥികള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി വരുന്നവരെ ജില്ല ആശുപത്രിയില്‍നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കാണ് റഫര്‍ ചെയ്യുന്നത്.
ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കണമെന്നും കാന്‍സര്‍ രോഗികളുടെ ക്ഷേമ പെന്ഷന് മുടങ്ങിയത് സംബന്ധിച്ച് തീരുമാനമുണ്ടാക്കണമെന്നും ഡോ. ഹിമ ആവശ്യപ്പെട്ടു. പാലക്കാട് മെഡിക്കല്‍ കോളജിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതി സൗഹൃദ നിര്‍മാണ സമീപനം വേണം
പുളിയപറ്റ സ്വദേശിനിയും ആര്‍ക്കിടെക്റ്റുമായ പി. മാനസി സംസ്ഥാനത്ത് പ്രകൃതി സൗഹൃദ നിര്‍മാണ സമീപനം സ്വീകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ആയുര്‍വേദ മേഖലയില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന പാഠ്യപദ്ധതിയില്‍ കുട്ടികളില്‍ ആയുര്‍വേദ താല്പര്യം ഉണര്‍ത്തുന്ന ഉള്ളടക്കം വേണമെന്നും ഡോ. രവീന്ദ്രന് ആവശ്യപ്പെട്ടു.
എല്ലാ മണ്ഡലങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ സാംസ്കാരിക കേന്ദ്രങ്ങള്‍ നടപ്പാക്കി വരികയാണെന്നും നിയോജകമണ്ഡലത്തില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഓരോ മണ്ഡലങ്ങളിലും അതത് പ്രദേശത്തിന്റെ സാംസ്കാരിക നായകന്മാരുടെ രേഖകള്‍ സൂക്ഷിക്കുന്നതിനായി സാംസ്കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് നടപടി വേണമെന്ന് കവി കീഴായൂര്‍ രാമന് ആവശ്യമുന്നയിച്ചതിന് മറുപടി നല്കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടിപ്പാത പരിഗണനയിൽ
പട്ടാമ്പി ഓറിയന്റല്‍ ഹൈസ്കൂള്‍ വിദ്യാർഥികള്‍ അപകടകരമായ രീതിയില്‍ റെയില്‍പാത മുറിച്ച് കടന്നു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അടിപ്പാത ആവശ്യമാണെന്നും ഇതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി വേണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സര്‍ക്കാര്‍ പരിഗണനയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
കുട്ടികള്‍ക്ക് സയന്‍സ് സെന്റര്‍, ഷൊർണൂരിൽ ഷീ -ലോഡ്ജ്
പാലക്കാട് കുട്ടികള്‍ക്ക് സയന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സാഹിത്യകാരി ഡോ. സംഗീത ചേനംപുല്ലി ആവശ്യമുന്നയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണം വേണമെന്നും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ സജ്ജമാക്കണമെന്നും ഐ.സി.പി നമ്പൂതിരിയുടെ പേരില്‍ ജില്ലയില്‍ സാംസ്കാരിക കേന്ദ്രം ആരംഭിക്കണമെന്നും നിള തീരത്ത് സൗന്ദര്യവല്‍ക്കരണം നടത്തി പാര്‍ക്ക് നിര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. .
അംഗപരിമിതര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍
എല്ലാ ജില്ലകളിലും അംഗപരിമിതര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് എത്താന്‍ കഴിയുന്ന ബാരിയര്‍ ഫ്രീ അന്തരീക്ഷമുറപ്പാക്കണമെന്നും സ്കൂള്‍ അധ്യാപകയും സ്പെഷ്യല്‍ എജുക്കേറ്ററുമായ ഷൊര്‍ണൂര്‍ സ്വദേശി പ്രസീത പറഞ്ഞു.
നോര്‍ക്കാ ലീഗല്‍ കണ്‍സള്‍ട്ടന്റ്
നോര്‍ക്കാ ലീഗല്‍ കണ്‍സള്‍ട്ടന്റ് വിദേശ രാജ്യങ്ങളില്‍ ഉണ്ടെങ്കിലും കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തി വക്കീല്‍ സൗകര്യം ഉറപ്പാക്കണമെന്നും ലോക കേരള സഭാംഗം പ്രവാസി വ്യവസായിയായ നന്ദിനി മോഹന്‍ യോഗത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.