ആനശല്യം; പൊറുതിമുട്ടി മലമ്പുഴയിലെ മത്സ്യത്തൊഴിലാളികൾ
text_fieldsപാലക്കാട്: കാലങ്ങളായി തുടരുന്ന വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി മലമ്പുഴ മേഖലയിലെ മത്സ്യത്തൊഴിലാളികൾ. വന്യമൃഗശല്യത്തിൽ കാർഷിക വിളകൾ നശിച്ച കർഷകരുടെ ജീവിതം വഴിമുട്ടി. ഇപ്പോൾ കൊമ്പന്മാരുടെ വിഹാരത്തിൽ ഇരുട്ടിലും ഭയന്നാണ് മത്സ്യത്തൊഴിലാളികൾ ജോലിക്കു പോവുന്നത്. ആനശല്യം തുടർക്കഥയായതോടെ ജീവനോ ഉപജീവനമോ ഏതാണ് വേണ്ടതെന്ന ആശങ്കയിലാണ് തൊഴിലാളികൾ. മലമ്പുഴ പഞ്ചായത്തിൽ മാത്രം ഏകദേശം 110ഓളം പേരാണ് മലമ്പുഴ അണക്കെട്ടിൽനിന്ന് മീൻ പിടിച്ച് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് പേരെയാണ് കാട്ടാന ആക്രമിച്ചത്. ഇതിനു പുറമെ കാട്ടാനകൾക്കുമുന്നിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് ജീവൻ തിരിച്ചുകിട്ടിയവരുണ്ട്. പുലർച്ചെ ഉപജീവനത്തിനായി വലയുമായി അണക്കെട്ടിലേക്ക് പോകുമ്പോൾ ഏതു നിമിഷവും കാട്ടാനകൾക്കു മുന്നിൽ അകപ്പെടുമോയെന്ന ഭീതിയിലാണ്.
മലമ്പുഴ അണക്കെട്ടിൽ വെള്ളം കുറയുന്ന ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള സമയത്താണ് മീൻ കൂടുതലായും ലഭിക്കുന്നത്. മുൻവർഷങ്ങളെയപേക്ഷിച്ച് കഴിഞ്ഞ കുറെ വർഷങ്ങളായി മലമ്പുഴ മേഖലയിൽ കാട്ടാനശല്യം വർധിച്ചിരിക്കുകയാണ്. വഴികളിലും അണക്കെട്ടിലും വിഹരിക്കുന്ന കാട്ടാനകൾ മീൻ വലകളും നശിപ്പിക്കുകയാണ്. അണക്കെട്ടിലിറങ്ങുന്ന ആനക്കൂട്ടം കരക്കുകയറുമ്പോൾ ഇവയുടെ കാലിൽ കുരുങ്ങി വലകളും നശിക്കുന്നു. ഇത്തരം വലകൾ തൊഴിലാളികൾക്ക് പിന്നീട് ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. മീൻ പിടിക്കാനുപയോഗിക്കുന്ന നല്ലയിനം വലകൾക്ക് ഏകദേശം 15000-20000 രൂപയോളം വിലയുണ്ടെന്നിരിക്കെ ഇത്തരത്തിൽ അടിക്കടി വലകൾ നശിക്കുന്നതും പ്രതിസന്ധിയിലാക്കുന്നുണ്ട്. മുൻകാലങ്ങളിലൊന്നും തൊഴിലാളികളെ കാട്ടാനകൾ ആക്രമിച്ചിട്ടില്ല. അടുത്ത കാലത്തായാണ് ആക്രമണം പതിവായിട്ടുള്ളത്.
അതിരാവിലെ ബൈക്കുകളിൽ ഒറ്റക്കും സംഘവുമായിട്ടാണ് അണക്കെട്ടിലേക്ക് പോവുന്നത്. അണക്കെട്ടിൽ നിന്നും പിടിക്കുന്ന മീനുകൾ മലമ്പുഴയിലെ ഫിഷറീസ് കൗണ്ടറിൽ നൽകിയും പ്രാദേശികമായി വിൽപ്പന നടത്തിയുമാണ് ഉപജീവനം നടത്തുന്നത്. ആനശല്യം പതിവായതോടെ തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.