വാഹനങ്ങൾ കൂടി, അപകടം കുറഞ്ഞു
text_fieldsപാലക്കാട്: നിരത്തിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടും ജില്ലയിൽ അപകടങ്ങൾ കുറഞ്ഞെന്ന് മോട്ടോർ വാഹന വകുപ്പ്. 2019നെക്കാൾ 31 ശതമാനം കുറവുണ്ടായി. കോവിഡ് കാലത്ത് പൊതുഗതാഗതത്തിെൻറ അപര്യാപ്തത കാരണം നിരത്തുകളിൽ ഇരുചക്രവാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായി വർധനവ് ഉണ്ടായി.
24 ജീവനുകളാണ് ഒക്ടോബറിൽ നിരത്തിൽ പൊലിഞ്ഞത്. ഇതിൽ 20നും 40നും ഇടയിൽ പ്രായമുള്ള 14 പേരാണ് മരിച്ചത്. 160 പേർക്ക് പരിക്കേറ്റു. അപകടം സംഭവിച്ചവരിൽ ഏറെയും 20നും 60നും ഇടയിൽ പ്രായമുള്ളവരാണ്. അപകടവും മരണവും കൂടുതൽ ഉണ്ടായത് രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് മൂന്നു മുതൽ രാത്രി ഒമ്പതു വരെയുമാണ്. ഇരുചക്രവാഹനം, കാർ, ലോറി, ഓട്ടോറിക്ഷ എന്നിവയാണ് അപകടനിരക്കിൽ മുന്നിൽ. ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് കൂടുതൽ ആളുകൾ മരിച്ചത്.
ഒക്ടോബറിലുണ്ടായ 247 വാഹനാപകടത്തിൽ ഉൾപ്പെട്ടത് 150ഓളം ഇരുചക്രവാഹനങ്ങളാണ്. അമിതവേഗത, ഹെൽമറ്റ് ധരിക്കാതിരിക്കൽ, മദ്യപാനം, അപകടകരമായ രീതിയിൽ വളവുകളിൽ മറികടക്കൽ, ഇൻഡിക്കേറ്ററുകൾ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാതിരിക്കൽ എന്നിവ ഇരുചക്ര വാഹനയാത്രയിൽ അപകടനിരക്ക് കൂടാൻ കാരണമായതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
ഇൻറർസെപ്റ്റർ വാഹനത്തിെൻറ കാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി നിയമലംഘകർക്ക് നോട്ടീസ് അയക്കുകയാണ് നിലവിൽ അധികൃതർ ചെയ്യുന്നത്. ഹെൽമെറ്റ് ധരിക്കാത്തവർ പിടിക്കപ്പെട്ടാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ എൻഫോഴ്സമെൻറ് സംഘം പരിശോധിച്ച് നടപടി കൈക്കൊള്ളും.
പാതകളിൽ ലൈൻ മാർക്കിങ് ഇല്ലായ്മ, റോഡുകളിലും കവലകളിലും വെളിച്ചക്കുറവ്, കാഴ്ച മറയ്ക്കുന്ന പാഴ്ചെടികളുടെ വളർച്ച, പാതയോരങ്ങളിൽ നിക്ഷേപിച്ച മാലിന്യങ്ങൾ, കവലകളിലെ സിഗ്നൽ സംവിധാനത്തിലെ അപാകത തുടങ്ങിയവയാണ് പ്രധാനമായും സംഘം കണ്ടെത്തിയ കാര്യങ്ങൾ.
അപാകതകൾ പരിഹരിക്കുന്നതിനായുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കുടുതൽ വാഹനങ്ങൾ ജില്ലയിൽ വകുപ്പിന് ലഭിക്കുന്നതോടെ പരിശോധന വിപുലപ്പെടുത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.