ഉദ്യോഗസ്ഥ അനാസ്ഥ; താളംതെറ്റി ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രി പ്രവർത്തനം
text_fieldsചിറ്റൂർ: ഉദ്യോഗസ്ഥ അനാസ്ഥയിൽ ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രി പ്രവർത്തനം താളംതെറ്റിയതായി നാട്ടുകാർ. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ജോലിക്കെത്തുന്നില്ലെന്നും ആശുപത്രി പ്രവർത്തനം അവതാളത്തിലാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
രാത്രികാലങ്ങളിൽ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേർക്കും, ചെറിയ അസുഖങ്ങൾക്ക് ചികിത്സക്കെത്തുന്നവർക്കും സേവനം ലഭ്യമാകുന്നില്ല. പലവിധ കാരണങ്ങൾ പറഞ്ഞ് രോഗികളെ ഇവിടെനിന്ന് ഒഴിവാക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചിറ്റൂർ-തത്തമംഗലം നഗരസഭ, പൊൽപ്പുള്ളി, പട്ടഞ്ചേരി, പെരുമാട്ടി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയമായ താലൂക്ക് ഗവ. ആശുപത്രിയിൽ വിവിധ ചികിത്സകൾക്കായി കീലോമീറ്ററുകൾ ദൂരത്തുനിന്ന് വരുന്നവർക്ക് ആവശ്യത്തിന് ഇവിടെ ചികിത്സ ലഭിക്കുന്നില്ല. അപകടത്തിൽ പരിക്കേറ്റ് ചികിത്സക്കെത്തുന്നവരെ പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ മറ്റ് ആശുപത്രികളിലേക്ക് അയക്കുകയാണെന്ന പരാതി വ്യാപകമാണ്. ദിനംപ്രതി എണ്ണൂറിലേറെ പേർ ഒ.പിയിൽ ചികിത്സക്ക് എത്തുമ്പോൾ ജോലിയിലുള്ള ഒന്നോ രണ്ടോ ഡോക്ടർമാർക്ക് രോഗികളെ ഉച്ചവരെ നോക്കിയാലും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ്. ജില്ലയിൽ അട്ടപ്പാടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആദിവാസി കുടുംബങ്ങൾ (2000 ൽ അധികം) താമസിക്കുന്ന ചിറ്റൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ആയിരക്കണക്കിന് സാധാരണജനങ്ങൾ ചികിത്സ തേടിയെത്തുന്നത് ഇവിടേക്കാണ്. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കാനും മതിയായ ചികിത്സ ലഭ്യമാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.