എന്റെ‘ ഒളപ്പമണ്ണമന’ക്കലേക്ക് സ്വാഗതം
text_fieldsപാലക്കാട്: ഭ്രമയുഗം ഹിറ്റായശേഷം ചെർപ്പുളശ്ശേരിക്കടുത്ത് കഥകളി ഗ്രാമമായ വെള്ളിനേഴിയിലെ ഒളപ്പമണ്ണമനയിലേക്ക് സഞ്ചാരികളുടെ തിരക്കാണ്. മാത്രമല്ല, സിനിമ-സീരിയലുകൾക്ക് ഷൂട്ടിങ്ങിനായും ഒട്ടേറെ പേർ എത്തുകയും ചെയ്യുന്നു. 1994ൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്യുകയും വിനീത്, മോഹിനി തുടങ്ങിയവർ അഭിനയിച്ച മലയാളം ചലച്ചിത്രമായ പരിണയമാണ് ആദ്യമായി ഒളപ്പമണ്ണമനയിൽ വെച്ച് ഷൂട്ട് ചെയ്തത്.
പിന്നീട് ആകാശഗംഗ, ആറാം തമ്പുരാൻ, വാനപ്രസ്ഥം, മാടമ്പി തുടങ്ങിയ മലയാള സിനിമകൾക്ക് പുറമെ നിരവധി തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളുടെയും ഭാഗമാവാൻ ഈ മനക്ക് സാധിച്ചു. ഇപ്പോഴിതാ ഭ്രമയുഗവും. സിനിമകളിലൂടെ അല്ലാതെയും ഇവിടം പ്രസിദ്ധമാണ്. മാളികപ്പുറവും നടുത്തളവുമുള്ള എട്ടുകെട്ടായ ഈ തറവാട്ടിലെ ഉത്സവാഘോഷങ്ങൾ ജനങ്ങൾക്ക് എന്നു പ്രിയം തന്നെയാണ്.
300 വർഷങ്ങൾക്ക് മുമ്പ് മനക്കലിലെ തമ്പുരാൻ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ധ്യാനത്തിന് പോവാറുണ്ടായിരുന്നു. ഒരിക്കൽ മനക്കലിലേക്ക് തിരിച്ചു വരുമ്പോൾ ദേവി തമ്പുരാന്റെ കൂടെ വരുകയും വടക്കിനിയിൽ കൂടിയിരുന്നു എന്നതാണ് ഐതിഹ്യം. ദേവി സാന്നിധ്യമുള്ള ഈ മനയിൽ എല്ലാ ദിവസങ്ങളിലും ദേവിയുടെ പ്രത്യേക വഴിപാടായ കളംപാട്ടും പൂജകളും നടക്കാറുണ്ട്. കുംഭമാസത്തിലെ 13ാം തീയതി നടക്കാറുള്ള ഉത്സവം നാടെങ്ങും ആഘോഷമാക്കുന്നു. തറവാട്ടിലെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുന്ന സന്ദർഭങ്ങളിൽ ഒന്നുകൂടിയാണിത്. കലാഗ്രാമം കൂടിയായ ഇവിടെ കുട്ടികൾക്കായി കലാമണ്ഡലം സുരേഷ് വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതരുടെ നേതൃത്വത്തിൽ കൊട്ട്, കർണാട്ടിക് സംഗീതം തുടങ്ങിയ കലാപരമായ വിദ്യകൾ പഠിപ്പിക്കുന്നുണ്ട്.
ഇത്തരത്തിൽ സിനിമ ലൊക്കേഷൻ കാണാനായും തറവാടിന്റെ ചരിത്രം അറിയാൻ വേണ്ടിയുമെല്ലാം നിരവധിപേരാണ് ഒളപ്പമണ്ണമനയിലേക്ക് എത്തുന്നത്. 10 മണി മുതൽ 12 മണിവരെയാണ് സന്ദർശക സമയമെങ്കിലും ആളുകളുടെ തിരക്ക് എന്നും ഈ തറവാട്ടിൽ കാണാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.