അലങ്കാരകാഴ്ചകളായി ഓണപ്പൂക്കളം; ചിത്രകാരന്മാർക്ക് അവസരമേറി
text_fieldsഒറ്റപ്പാലം: ആചാരത്തനിമയുടെ ഭാഗമായിരുന്ന പൂക്കളങ്ങൾ വീട്ടങ്കണം വിട്ട് അലങ്കാര കാഴ്ചകളും മത്സര ഇനങ്ങളുമായി മാറിയതോടെ ഓണക്കാലം വിദഗ്ധരായ ചിത്രകാരന്മാർക്കും തിരക്കിന്റെ കാലമായി.
ചുറ്റുവട്ടങ്ങളിൽനിന്ന് ലഭിക്കുന്ന പൂക്കൾ കൊണ്ട് വീട്ടുമുറ്റങ്ങളിൽ പൂക്കളം ഒരുക്കുമ്പോൾ ‘സ്പോൺസേർഡ്’ ഓണാഘോഷങ്ങളിലെ കുടവട്ട പൂക്കളങ്ങൾക്കുള്ള പൂവുകൾക്കും മറ്റും മുടക്കുന്നത് ആയിരങ്ങളാണ്. സംഘാടകർക്ക് ആകർഷകമായ പൂക്കളങ്ങൾ നിർമിക്കാൻ കഴിയാതെ വരുന്നിടത്താണ് ആർട്ടിസ്റ്റുകളുടെ സേവനം തേടുന്നത്. വലിയ പൂക്കളങ്ങൾക്ക് ഔട്ട് ലൈൻ വരക്കുന്നത് മുതൽ പൂർണമായ നിർമാണം വരെ ഇവരെ ഏൽപ്പിക്കുന്നതും പതിവാണ്.
അതേസമയം പൂക്കളത്തിന്റെ ആകൃതി വരച്ചിടുന്ന മുറക്ക് വനിത ജീവനക്കാർ പൂക്കളിടാറുമുണ്ട്. പൂക്കളം നിർമാണത്തിൽ ചിത്രകാരന്മാർ തമ്മിൽ ആരോഗ്യകരമായ മത്സരവും പതിവാണ്. കണ്ണഞ്ചിപ്പിക്കുന്ന പൂക്കളമൊരുക്കാൻ വരുന്ന ചെലവ് ഓണക്കാലത്ത് പരിഗണിക്കാറില്ല. ആവശ്യപ്പെടുന്ന പൂക്കൾ അത്രയും എത്തിച്ചുനൽകാൻ സംഘാടകർക്കും മടിയില്ല. പൂക്കളുടെ ലഭ്യത ഉറപ്പ് വരുത്താനായി വ്യാപാരികളോട് നേരത്തെ പറഞ്ഞുറപ്പിക്കാറുമുണ്ട്.
അത്തം മുതൽ വീട്ടംഗങ്ങളിൽ പൂവിടൽ ആരംഭിക്കുമെങ്കിലും ആർട്ടിസ്റ്റുകൾ ഒരു തവണ മാത്രമാണ് പൂക്കളം നിർമിച്ചു നൽകാറുള്ളത്. പിന്നീടുള്ള ദിവസങ്ങളിൽ പൂക്കളത്തിലെ ‘അറ്റകുറ്റപണികൾ’ സംഘാടകർ തന്നെ നിർവഹിക്കും. ഇതിനുള്ള പൂക്കൾ തുടർന്നുള്ള ദിവസങ്ങളിൽ വാങ്ങുകയാണ് പതിവ്.
പല്ലശ്ശനയിലെ ഓണത്തല്ലിനും അവിട്ടത്തല്ലിനും ദേശവാസികൾ ഒരുങ്ങി
കൊല്ലങ്കോട്: വീര സ്മരണകൾ ഉണർത്തുന്ന പല്ലശ്ശനയിലെ ഓണത്തല്ലിനും അവിട്ടത്തല്ലിനും ദേശവാസികൾ ഒരുങ്ങി. നൂറ്റാണ്ടുകൾക്കുമുമ്പ് പല്ലശ്ശനയിൽ നടന്ന പടയോട്ടത്തിന്റെയും പോർവിളിയുടെയും വീരസ്മരണകൾ പുതുക്കിയാണ് ഓണത്തല്ലും അവിട്ടത്തല്ലും ദേശവാസികൾ നടത്തുന്നത്.
തല്ലുകളുടെ ഭാഗമായി വിവിധ വീടുകളിൽ കാരണവൻമാർ വ്രതമെടുക്കാൻ ആരംഭിച്ചു കഴിഞ്ഞു. ഓണത്തല്ലും അവിട്ടത്തല്ലും കാണാനും പങ്കാളിയാകാനും നിരവധി ദേശവാസികളാണ് തല്ലുമന്ദത്തും വേട്ടക്കൊരു മകൻ ക്ഷേത്രത്തിലും ഒത്തുചേരുന്നത്. തിരുവോണ ദിവസം വിവിധ സമുദായാംഗങ്ങൾ ഓണത്തല്ലും അവിട്ടം ദിവസം നായർ സമുദായ ദേശവാസികൾ അവിട്ടത്തല്ലും നടത്തും.
വിദേശികളും പരിസര ജില്ലകളിലുള്ളവരും സ്ത്രീയും കുട്ടികളും ഉൾപ്പെടെ നിരവധി ദേശവാസികൾ കാണാനായി വേട്ടയ്ക്കൊരുമകൻ ക്ഷേത്ര ഗ്രൗണ്ടിലെത്തും. അവിട്ടത്തല്ലിനു ശേഷം അതതു ദേശത്തെ ക്ഷേത്രങ്ങളിൽ പ്രദക്ഷിണം നടത്തി ആർപ്പുവിളികളോടെ നിരയോട്ടവും ചാട്ടം കഴിഞ്ഞ് ക്ഷേത്രക്കുളത്തിൽ നീരാടി അടുത്ത ഓണത്തല്ലിനു കാണാമെന്ന് ഉപചാരം ചൊല്ലിയാണ് ദേശവാസികൾ പിരിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.