ഓണത്തിന്റെ കാർഷിക ചടങ്ങ് പുത്തരി സദ്യ ഇത്തവണ വ്യാപകമാവില്ല
text_fieldsആലത്തൂർ: നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാടൻ കാർഷിക മേഖലയിലെ ഓണക്കാലത്തെ പ്രധാന ചടങ്ങാണ് ഉത്രാട നാളിലെ പുത്തരി സദ്യ. എന്നാൽ അത് ഇപ്രാവശ്യം വ്യാപകമാകില്ല. ഇടവപ്പാതിയിൽ ആരംഭിക്കുന്ന കാലവർഷത്തിൽ വ്യതിയാനമുണ്ടായതോടെ ഒരുമിച്ച് ഓണത്തിന് മുമ്പ് വിളവെടുക്കാൻ കഴിയാതെ വന്നതാണ് കാരണം.
കഴിഞ്ഞ വർഷം തിരുവാതിരയും കർക്കിടകവും മഴയില്ലാതെയാണ് കടന്നു പോയത്. എന്നാൽ ഈ വർഷം വെള്ളത്തിന് ക്ഷാമം നേരിട്ടില്ല എന്നതാണ് നെൽകർഷകർക്ക് ഗുണമായത്. പക്ഷെ ഈ വർഷത്തെ ഒന്നാം വിള നെൽകൃഷിയിൽ വ്യാപകമായി ഓല കരിച്ചിൽ രോഗം പിടിപെട്ടത് ഓർക്കാപ്പുറത്തെ ദുരിതമായി. വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമാണ് ഓണക്കാലത്തെ പൂത്തിരി സദ്യ.
ഒന്നാം വിളയായ വിരിപ്പ് കൃഷി കൊയ്തെടുത്ത് അരിയാക്കി പാകം ചെയ്യുന്ന ഭക്ഷണമാണ് പുതിയ അരിയെന്ന പുത്തരി. അതോടൊപ്പം പുതിയ നെല്ലിൽ തയാറാക്കുന്ന അവിലിൽ ശർക്കര ചേർത്ത് ഉരുളയാക്കി ഇലയിൽ വെച്ച് നിലവിളക്ക് കത്തിച്ച് ആദ്യം അവിൽ കഴിക്കും, അതിന് ശേഷമാണ് ഊണ് കഴിക്കുക.
അത്തം മുതൽ പത്ത് നാൾ ഓണാഘോഷമാണെങ്കിലും ആലത്തൂർ കാർഷിക മേഖലയിൽ പൂരാടം, ഉത്രാടം, തിരുവോണം ഈ മുന്ന് ദിനങ്ങളാണ് ആഘോഷമുള്ളത്. അതിൽ പൂരാടത്തിനും തിരുവോണത്തിനും ഇടയിൽ വരുന്ന ദിവസമാണ് പുത്തരി സദ്യ ഒരുക്കുക. വീടുകളിൽ മാത്രമല്ല ക്ഷേത്രങ്ങളിലും തൃപ്പുത്തിരി ചടങ്ങ് നടത്തുന്നുണ്ട് .അന്ന് നിവേദ്യവും പായസവുമെല്ലാം ഒരുക്കുന്നത് പുതിയ അരിയിലായിരിക്കും. വിരിപ്പ് കൃഷിയിലെ വിളവെടുപ്പായ കന്നി കൊയ്ത്ത് തുടങ്ങുന്നത് ചിങ്ങമാസത്തിലാണ്. നെല്ല് പൂർണ വിളവെടുപ്പിന് മുമ്പാണ് ഓണക്കാലം വരുന്നതെങ്കിൽ ആവശ്യമുള്ള നെൽ കതിർ കൊയ്തെടുത്തായിരിക്കും പുത്തരി സദ്യ ഒരുക്കുക. നെൽപാടങ്ങളിൽ കതിർ നിരക്കുന്ന ഓണത്തിന് മുമ്പ് നിറ എന്നൊരു ചടങ്ങുമുണ്ട്. കാലാവസ്ഥയിലെ താളം തെറ്റൽ കർഷകർക്കുണ്ടാക്കിയ ദുരിതം ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.