ഓണത്തല്ലും അവിട്ടത്തല്ലുമായി ഓണാഘോഷം
text_fieldsകൊല്ലങ്കോട്: ഒാണാഘോഷത്തോടനുബന്ധിച്ച് പല്ലശ്ശനയിൽ ഓണത്തല്ലും അവിട്ടത്തല്ലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ചടങ്ങുകൾ മാത്രമായി നടത്തി. ജനത്തിരക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓണത്തല്ലും അവിട്ടത്തല്ലും ചടങ്ങുകൾ മാത്രമായി നടത്തിയത്.
വീരസ്മരണകൾ ഉണർത്താൻ തലമുറകളായി തുടർന്നു വരുന്ന ഓണത്തല്ലും അവിട്ടത്തല്ലും കോവിഡ് കാലത്ത് രണ്ടാമതായാണ് ചടങ്ങുകളിലായി ഒതുങ്ങുന്നതെന്ന് വേട്ട കരുമൻ ക്ഷേത്രം ദേവസ്വം ഭാരവാഹികൾ പറഞ്ഞു. തിരുവോണ ദിവസം തല്ലുമന്ദത്ത് വിവിധ സമുദായത്തിെൻറ ഓണത്തല്ലും അവിട്ടം ദിനത്തിൽ വേട്ട കരുമൻ ക്ഷേത്ര സന്നിധിയിൽ നായർ സമുദായത്തിെൻറ അവിട്ടത്തല്ലുമാണ് ഭക്തിയാദരവോടെ ആഘോഷിച്ചത്.
വിവിധ സമുദായത്തിെൻറ ഓണത്തല്ലിനു ഏഴുകുടി സമുദായക്കാർ വ്രതമിരുന്ന് കളരിയിൽനിന്ന് ഒരു കുടി സമുദായത്തിലുള്ളവർ തല്ലുമന്ദം ഭഗവതി ക്ഷേത്രത്തിൽനിന്ന് കാരണവൻമാരുടെ നേതൃത്വത്തിൽ ഭസ്മം തൊട്ടു കച്ചകെട്ടി ഓണത്തല്ല് നടക്കുന്ന ക്ഷേത്രഗ്രൗണ്ടിലെത്തുന്നു. ധൂയ്....ധൂയ്.. എന്നുള്ള ആർപ്പ് വിളിയോടെ തിരുവോണ ദിവസം വൈകീട്ട് നാലോടെ എത്തിച്ചേർന്നു.
തുടർന്ന് ദേശവാസികൾ വരിയോട്ടവും നിരയോട്ടവും നടത്തി സമപ്രായക്കാർ തമ്മിൽ ഇരു ചേരികളിലായി തിരിക്കുന്നു. ശേഷം കാരണവന്മാരുടെ നേതൃത്വത്തിലാണ് ഓണത്തല്ല്.ഓണത്തല്ലിനും അവിട്ടത്തല്ലിനും പ്രധാനപ്പെട്ട ചടങ്ങാണ് പൊന്തി പിടിക്കൽ. കടച്ചി കൊല്ലൻ കുടുംബമാണ് വാളിെൻറ രൂപത്തിൽ മരത്താലുള്ള പൊന്തി നിർമിക്കുന്നത്.
വിവിധ സമുദായങ്ങൾ തല്ലുമന്ദത്ത് മീൻകുളത്തി ഭഗവതി ക്ഷേത്രം നടക്കുന്ന ഓണത്തല്ലിനും നായർ സമുദായങ്ങൾ അവിട്ട ദിനത്തിൽ വേട്ട കരുമൻ ക്ഷേത്ര മൈതാനത്ത് നടത്തുന്ന അവിട്ടത്തല്ലിനും കാരണവൻമാർ പൊന്തി ഉയർത്തി പിടിച്ചാണ് എത്തുന്നത്. ഓണത്തല്ല് ദിനത്തിൽ ഒരു കുടി ദേശത്തിൽ നിന്നും കാരണവരായ കളത്തിൽ പുര അപ്പുക്കുട്ടനും ഏഴ് കുടിയിൽ നിന്ന് കാരണവരായ കളരിക്കൽ പീതാംബരനുമാണ് പൊന്തി പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.