ഓണാഘോഷം: പാലക്കാട് ജില്ലക്കാർ കുടിച്ചുതീർത്തത് 27.63 കോടിയുടെ മദ്യം
text_fieldsപാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ വിറ്റത് 27.63 കോടി രൂപയുടെ മദ്യം. ബെവ്കോയുടെ ഔട്ട്ലെറ്റ് വഴി 23.99 കോടി രൂപയുടെയും കൺസ്യുമർഫെഡ് ഔട്ട്ലെറ്റ് വഴി 3.63 രൂപയുടെയും വിൽപന നടന്നു. ആഗസ്റ്റ് 27, 28, 30 തീയതികളിൽ മാത്രമാണ് ഇത്രയധികം വിൽപന നടന്നത്. ഉത്രാട നാളിലാണ് ഏറ്റവും കൂടുതൽ വിറ്റുവരവ്. ബെവ്കോക്ക് ജില്ലയിൽ 21 ഔട്ട്െലറ്റാണുള്ളത്.
കൺസ്യുമർഫെഡിന് കൊഴിഞ്ഞാമ്പാറ, പാലക്കാട്, മുണ്ടൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി നാല് ഔട്ട്െലറ്റുകളുണ്ട്. കഴിഞ്ഞ തവണ ഓണത്തിന് 14.83 കോടിയുടെ വിൽപനയായിരുന്നു. ഇത്തവണ 12.80 കോടി രൂപയുടെ വർധനയുണ്ടായി. ഒറ്റദിവസം ഏറ്റവും കൂടുതൽ വിൽപന നടന്നത് പട്ടാമ്പി കൊപ്പം ഔട്ട്ലെറ്റിലാണ്. ഉത്രാടനാളിൽ മാത്രം ഇവിടെ 80.59 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. മദ്യത്തിന് വില കൂടിയത് വരുമാനം വർധിപ്പിച്ചതായി അധികൃതർ പറയുന്നു.
മിൽമ പാലക്കാട് ഡയറി വിറ്റത് 16.06 ലക്ഷം ലിറ്റർ പാൽ
പാലക്കാട്: ഓണക്കാലത്ത് മിൽമയുടെ പാലക്കാട് ഡയറിയിൽ വിറ്റത് 16,06,568 ലിറ്റർ പാൽ. ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് വിറ്റത് 14.96 ലക്ഷം ലിറ്റർ പാലാണ്. ഇത്തവണ 1.10 ലക്ഷം ലിറ്ററിന്റെ വർധനയുണ്ടായി. 2,23,319 കിലോ തൈരും വിൽപ്പന നടത്തി. കഴിഞ്ഞ വർഷം 2.02 ലക്ഷം കിലോ തൈര് വിറ്റിടത്ത് ഇത്തവണ വിറ്റുവരവിൽ 20,400 കിലോയുടെ വർധനയുണ്ട്. മിൽമയുടെ മിൽക്ക് മെയ്ഡ്, നെയ്യ് എന്നിവയ്ക്കും മികച്ച വിറ്റുവരവുണ്ടായി.
വിപണന മേള: ജില്ലയില്‍ 73.83 ലക്ഷം രൂപയുടെ വിറ്റുവരവ്
പാലക്കാട്: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം വിപണന മേളയില്‍ ജില്ലയില്‍ 73,83,493 രൂപയുടെ വിറ്റുവരവ്. കഴിഞ്ഞവര്‍ഷം 54 ലക്ഷം രൂപയാണ് വിറ്റുവരവായി ലഭിച്ചത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയിലൂടെ മാത്രം 25,67,520 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ജില്ലയില്‍ 97 സി.ഡി.എസുകളിലായി 1091 മൈക്രോ സംരംഭങ്ങളും 688 ജെ.എല്‍.ജി യൂണിറ്റുകളും വിപണന മേളയില്‍ എത്തിയിരുന്നു. ആഗസ്റ്റ് 21 മുതല്‍ 27 വരെയാണ് മേള സംഘടിപ്പിച്ചത്.
വിഷരഹിത പച്ചക്കറികള്‍, കൈത്തറി വസ്ത്രങ്ങള്‍, മുള ഉത്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.