വിളയൂരിന്റെ വികസനക്കുതിപ്പിലേക്ക് ഇനി ഒറ്റ ക്ലിക്ക്
text_fieldsപാലക്കാട്: പഞ്ചായത്തിലെ മുഴുവൻ വിവരങ്ങളും വിരൽതുമ്പിലെത്തിക്കാൻ വിളയൂർ ഗ്രാമപഞ്ചായത്ത്. നിർമിത ബുദ്ധിയുടെ കൈത്താങ്ങിൽ ഭൂമിശാസ്ത്ര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ പഞ്ചായത്തിലെ പൂർണ വിവരശേഖരണം ലക്ഷ്യമിട്ട പദ്ധതിക്ക് തനത് ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ നീക്കിവെച്ച് നടപടികൾ തുടങ്ങിക്കഴിഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ നിർമിതബുദ്ധി അധിഷ്ഠിതമാക്കി ഭൂമിശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണ വിവരശേഖരണം നടത്തുന്ന ജില്ലയിലെ ആദ്യപഞ്ചായത്തെന്ന നേട്ടത്തിലേക്കാണ് പഞ്ചായത്ത് നടന്നുകയറുന്നത്.
ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്കരിക്കാനും അവ കൃത്യമായി നടപ്പാക്കാനും ആവശ്യമായ കൃത്യവും ആധികാരികവുമായ വിവരങ്ങളുടെ ശേഖരണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ജി.ഐ.എസ് അധിഷ്ഠിത ആസൂത്രണത്തിലൂടെ നടപ്പാക്കുന്ന പദ്ധതി സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ ഊരാളുങ്കൽ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റിയെയാണ് ഏൽപ്പിച്ചിട്ടുള്ളത്. നിലവിൽ ജില്ലയിൽ ചെർപ്പുളശ്ശേരി നഗരസഭ മാത്രമാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കെട്ടിടങ്ങളുടെ ഭൂമിശാസ്ത്രപരമായ വിവരങ്ങളുടെ അഭാവം, ആസ്തി രജിസ്റ്ററുകളിലെ പിഴവുകളും പുതുക്കപ്പെടുന്നതിലെ കാലതാമസവും അത് കാരണമുള്ള വരുമാന നഷ്ടം, കെട്ടിടങ്ങളോട് അനുബന്ധിച്ചുള്ള വ്യക്തി/ കുടുംബ വിവരങ്ങളുടെ അഭാവം, വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന വിവരങ്ങളുടെ അഭാവം, പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ഭൗമശാസ്ത്രപരമായ വിവരശേഖരണവും അവ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ പ്രവർത്തനങ്ങളും തുടങ്ങിയ വെല്ലുവിളികൾ തരണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജി.ഐ.എസ് സർവേയുടെ ഭാഗമായി സാമൂഹിക പരിരക്ഷ ആവശ്യമുള്ളവരുടെ വിവരങ്ങൾ ലഭ്യമാകുന്നതോടെ അർഹരായവരുടെ ക്ഷേമം ഉറപ്പാക്കാൻ സാധിക്കുന്നു. ആവശ്യകതക്കനുസരിച്ചുള്ള റോഡ് വികസനം, ശാസ്ത്രീയാടിസ്ഥാനത്തിലുള്ള തരിശുനിലങ്ങൾ കണ്ടെത്തുന്നതിലൂടെ കാർഷികമേഖലയിലെ വികസനം, ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത നിവാരണത്തിനും സഹായകമാകുന്ന വിവരങ്ങൾ ഇതിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാകും. സൂക്ഷ്മവും കൃത്യവും പുതുക്കപ്പെട്ടതുമായ വിവരങ്ങൾ അടിസ്ഥാനമാക്കി നികുതി കണക്കാക്കാനും പഴയതുമായി താരതമ്യം ചെയ്ത് ആവശ്യാനുസരണം റിപ്പോർട്ടുകൾ ഉണ്ടാക്കാനും പഞ്ചായത്തിന് സാധിക്കും.
സൗകര്യപ്രദമായ രീതിയിലുള്ള അപ്ഡേഷൻ പ്രക്രിയയും എളുപ്പത്തിലും സമയബന്ധിതമായുള്ള വെരിഫിക്കേഷൻ, അപ്രൂവൽ എന്നിവയും ഇതിലൂടെ ലഭ്യമാവും. ഒരൊറ്റ ജി.ഐ.എസ് ഫ്ലാറ്റ് ഫോമിൽ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതോടെ സർക്കാർ പ്രവർത്തനങ്ങൾ സുതാര്യവും ഉദ്യോഗസ്ഥ സൗഹൃദവുമാക്കാൻ കഴിയും. പ്രാദേശികമായി ശേഖരിക്കുന്ന വിവരങ്ങൾ സംസ്ഥാന ഡേറ്റ സെന്ററിന്റെ സർവറിൽ പൂർണ സുരക്ഷ മാനദണ്ഡങ്ങളോടെയാണ് സൂക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.