രാത്രിയിലും പ്രവർത്തിച്ച ഓൺലൈൻ വ്യാപാര യുണിറ്റ് അടപ്പിച്ചു
text_fieldsഒറ്റപ്പാലം: ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഒറ്റപ്പാലത്ത് കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കെ രാത്രിയിലും തുറന്ന് പ്രവർത്തിച്ച ഓൺലൈൻ വ്യാപാര കേന്ദ്രം വ്യാപാരികളുടെ എത്തിപ്പിനെ തുടർന്ന് പോലീസെത്തി അടപ്പിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഡി വിഭാഗത്തിൽ ഉൾപ്പെട്ട നഗരസഭ പരിധിയിൽ അവശ്യ സാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. അതും ഉച്ചക്ക് രണ്ടിന് പ്രവർത്തനം നിർത്തിവെക്കണം . ഇതര വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ട നിലയിലാണ് . ഇതിനിടയിലാണ് വെള്ളിയാഴ്ച രാത്രി 9 നും ഓൺലൈൻ വിതരണ കേന്ദ്രത്തിൻെറ വിതരണ യുണിറ്റ് പ്രവർത്തിക്കുന്നതായി വ്യാപാരികളുടെ ശ്രദ്ധയിൽപെട്ടത്. ഇതേ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ പ്രസിഡൻറ് പി.പി അബ്ദുൽ ലത്തീഫിൻെറ നേതൃത്വത്തിലുള്ള വ്യാപാരി സംഘം സ്ഥലത്തെത്തി പോലീസിന് വിവരം നൽകി. വിതരണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്ന സ്ഥാപനത്തിൽ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. പൊലീസിൻെറ ഇടപെടലിൽ സ്ഥാപനം അടപ്പിച്ചു.
വ്യാപാരികൾ ദുരിതം ഏറ്റുവാങ്ങുന്ന കാലത്തും ഓൺലൈൻ കച്ചവടം പൊടിപൊടിക്കുന്നതിനെതിരെ നേരത്തെ മുതൽ കച്ചവടക്കാർ പ്രതിഷേധത്തിലാണ്. അടഞ്ഞു കിടക്കുന്ന വിപണികളിൽ കെട്ടിക്കിടക്കുന്ന സമാന സാധനങ്ങൾ ഓൺലൈൻ ഏജൻസികൾ കോവിഡ് നിബന്ധനകൾ പാലിക്കാതെ യഥേഷ്ടം നാട്ടിൽ വിൽപന നടത്തുന്നതാണ് വ്യാപാരികളെ ചൊടിപ്പിക്കുന്നത്. കടമെടുത്തു മുടക്കിയ ലക്ഷങ്ങളുടെ തിരിച്ചടവും ദൈനദിന ചെലവുകളും വാടകയും നികുതികളും വൈദ്യുതി ചാർജ്ജും അടക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് ഭൂരിഭാഗം കച്ചവടക്കാരും എന്നിരിക്കെ ഓൺലൈൻ വ്യാപാരത്തിന് യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്ന ആവലാതി ഇവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.