പറവകൾക്ക് ദാഹജലം ഒരുക്കി സംഘടനകൾ
text_fieldsകൊല്ലങ്കോട്: വേനല്ചൂടില് പക്ഷികളുടെ ദാഹമകറ്റാൻ പദ്ധതിയുമായി സംഘടനകൾ. ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി, ആശ്രയം സൗഹൃദ വേദി എന്നീ പരിസ്ഥിതി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമായത്. തിളച്ചുമറിയുന്ന സൂര്യതാപത്താൽ വറ്റിവരളുന്ന നീർച്ചോലകളും ജലസ്രോതസ്സുകളുമെല്ലാം വറ്റുമ്പോൾ ദാഹജലത്തിനായി പ്രയാസപ്പെടുന്ന ജീവജാലങ്ങൾക്ക് കുടിനീർ ഒരുക്കി നൽകുന്നത് മികച്ച സേവന പ്രവർത്തനമാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ അമൃതരംഗൻ പറഞ്ഞു.
ദാഹജലത്തിനായി കേഴുന്ന പക്ഷികൾക്ക് വീടുകളിലും തുറസ്സായ സ്ഥലങ്ങളിലും കുഞ്ഞു ജലസംഭരണികൾ സ്ഥാപിച്ച് പരിപാലിക്കണമെന്ന കാമ്പയിനും പരിസ്ഥിതി സംഘടനകൾ ആരംഭിച്ചു. സീതാർകുണ്ട്, വേങ്ങപ്പാറ, തേക്കിൻചിറ, നെന്മേനി, കണ്ണങ്കുളമ്പ് തുടങ്ങിയ ഇരുപതിലധികം പ്രദേശങ്ങളിലെ വൃക്ഷങ്ങളിലാണ് ദാഹജല പാത്രങ്ങൾ ഒരുക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ വ്യാപിപ്പിക്കും. ജലസംഭരണ പാത്രങ്ങളിൽ കൊതുകു വളരാതിരിക്കാൻ മൂന്ന് ദിവസത്തിൽ ജലം മാറ്റിസ്ഥാപിക്കാൻ അതാതു പ്രദേശങ്ങളിലെ വീട്ടമ്മമാർ, അയൽക്കൂട്ടം, ക്ലബ് ഭാരവാഹികൾ എന്നിവരെ ചുമതലപ്പെടുത്തിയതായി ആശ്രയം സൗഹൃദ വേദി കോഓഡിനേറ്റർ മുരുകൻ നെന്മേനി പറഞ്ഞു.
സീനിയർ സിവിൽ പൊലിസ് ഓഫിസർ ആർ. വിനോദ്, ജനമൈത്രി ബീറ്റ് ഓഫിസർ വി. ബിന്ദു, ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി പി. അരവിന്ദാക്ഷൻ, ഉദയപ്രകാശൻ, എ. സാദിഖ്, എ.ജി. ശശികുമാർ, ആർ. സന്തോഷ്, ആറുച്ചാമി തുടങ്ങിയവർ നേതൃത്വം നൽകി.
മണ്ണൂർ: അഞ്ചാം വാർഡിലെ മുഴുവൻ മേഖലയിലുംതണ്ണീർ ചട്ടികൾ ഒരുക്കി ഗ്രാമ പഞ്ചായത്ത് അംഗം വി.എം. അൻവർ സാദിക്. പാതയോരങ്ങളിലെ തണൽ മരങ്ങളില്ലാണ് തണ്ണീർ തൊട്ടിയൊരുക്കുന്നത്. സമീപവീടുകളെയാണ് പരിപാലനത്തിന് ഏൽപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.