ഒറ്റപ്പാലം താലൂക്ക് വികസന സമിതി: മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് തെരുവ് നായ്ക്കൾക്ക് എ.ബി.സി പദ്ധതി
text_fieldsഒറ്റപ്പാലം: തെരുവ് നായ്ക്കളുടെ ശല്യം കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ അതാത് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് എ.ബി.സി പദ്ധതി നടപ്പാക്കാൻ താലൂക്ക് വികസന സമിതി യോഗത്തിന്റെ ശിപാർശ. നിലവിൽ ഒറ്റപ്പാലം മൃഗാശുപത്രിയിലെത്തിച്ചാണ് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നത്. പ്രതിമാസം 150 വീതം നായ്ക്കൾക്ക് മാത്രമാണ് ശസ്ത്രക്രിയ നടത്താൻ കഴിയുന്നത്. ജില്ല കലോത്സവത്തിനെത്തിയ നാലുപേരെ കഴിഞ്ഞദിവസം തെരുവ് നായ് കടിച്ച സംഭവമുൾപ്പടെ ശല്യം രൂക്ഷമാണെന്നതും യോഗത്തിൽ ചർച്ചയായി.
താലൂക്ക് ആശുപത്രിയിൽ ടി.ടി മരുന്നിന്റെ അഭാവത്തിൽ കടിയേറ്റ ആളുകൾക്ക് കുത്തിവെപ്പ് എടുക്കാൻ പോലും ബുദ്ധിമുട്ടിയെന്ന പരാതിയും ഉയർന്നു. ഇതേ തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് എ.ബി.സി പദ്ധതി നടപ്പാക്കാണമെന്ന് യോഗം തീരുമാനിച്ചത്. വിവിധ ആവശ്യങ്ങൾക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഒറ്റപ്പാലത്തെ റീസർവേ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഒരംഗം ആവശ്യപ്പെട്ടു.
അനധികൃതമായി കൈവശം വെച്ച് റേഷൻ വാങ്ങിക്കൊണ്ടിരുന്ന 40 മുൻഗണന കാർഡുകൾ പിടികൂടിയതായും 4.70 ലക്ഷം രൂപ പിഴ ഈടാക്കിയതായും താലൂക്ക് സപ്ലൈ ഓഫിസ് പ്രതിനിധി അറിയിച്ചു. ഉദ്യോഗാർഥികളുടെ പ്രായം നോക്കിയല്ല , രജിസ്റ്റർ ചെയ്തതിൻെറ കാല ദൈർഘ്യമാണ് ജോലിക്ക് പരിഗണിക്കുന്നതെന്ന് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥൻ അറിയിച്ചു.
യോഗം ഒന്ന്; അധ്യക്ഷർ മൂന്ന്
ഒറ്റപ്പാലം: ശനിയാഴ്ച നടന്ന പ്രതിമാസ താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷ പദം അലങ്കരിച്ചത് മൂന്ന് പേർ. രാവിലെ 10.30ന് ചേർന്ന യോഗത്തിൽ ചട്ടപ്പടി അധ്യക്ഷ സ്ഥാനം അലങ്കരിക്കേണ്ടവരുടെ അഭാവത്തിൽ നറുക്ക് വീണത് പാലക്കാട് എം.പിയുടെ പ്രതിനിധിയായി യോഗത്തിലെത്തിയ കെ. ശ്രീവത്സന്. യോഗം അരമണിക്കൂർ പിന്നിട്ടതോടെ വേദിയിലെത്തിയ ഒറ്റപ്പാലം നഗരസഭ അധ്യക്ഷ കെ. ജാനകിദേവിക്കായി അടുത്ത ഊഴം. അജണ്ടകൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെ കെ. പ്രേംകുമാർ എം.എൽ.എ എത്തി. തുടർന്ന് അദ്ദേഹം അധ്യക്ഷ പദം ഏറ്റടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.