ഒറ്റപ്പാലം താലൂക്ക് ആശുപത്രി: അർബുദ ചികിത്സക്കായി പുതിയ കെട്ടിടം ഒരുങ്ങുന്നു
text_fieldsഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ അർബുദ ചികിത്സ കേന്ദ്രത്തിനായി പുതിയ കെട്ടിടം ഒരുങ്ങുന്നു. ഒറ്റപ്പാലത്തെ വ്യവസായ പ്രമുഖനായിരുന്ന ഇ.പി. മാധവൻ നായരുടെ സ്മരണാർഥം ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് 70 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന ഇരുനില കെട്ടിടത്തിലാണ് അർബുദ കേന്ദ്രം പ്രവർത്തിക്കുക. ഇതിന്റെ മുകൾ നിലയിൽ നേത്ര ശസ്ത്രക്രിയ കേന്ദ്രം സജ്ജമാക്കും.
താലൂക്ക് ആശുപത്രി വളപ്പിൽ ജീർണാവസ്ഥയിലായിരുന്ന പഴയ ആർ.എം.ഒ ക്വാർട്ടേഴ്‌സ് കെട്ടിടം പൊളിച്ച സ്ഥലത്ത് കെട്ടിട നിർമാണം അന്തിമ ഘട്ടത്തിലാണ്.2017ലാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ അർബുദ ചികിത്സ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ആശുപത്രിയുടെ പ്രവേശന കവാടത്തിനരികിലെ ഡയാലിസിസ് കേന്ദ്രം പരിസരത്തായിരുന്നു ഇത്. കെട്ടിടം പൊളിച്ചതോടെ ലഹരി വിമുക്തി കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്തേക്ക് അർബുദ ചികിത്സ മാറ്റിയെങ്കിലും നേത്ര ശസ്ത്രക്രിയ വിഭാഗം നിർത്തിവെക്കേണ്ടി വന്നു.
നേത്ര ശസ്ത്രക്രിയക്കായി നിലവിൽ ജില്ല ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അർബുദ നിർണയവും കീമോ തെറപ്പി, ഓറൽ പാത്തോളജി, ഫിസിയോതെറപ്പി തുടങ്ങിയ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്. അർബുദ കേന്ദ്രം പൊളിച്ച സ്ഥലത്ത് കിഫ്‌ബി ഫണ്ടിൽ ഉൾപ്പെട്ട 15.83 കോടി രൂപയുടെ മൂന്നുനില കെട്ടിടം നിർമിക്കുന്നുണ്ട്.ഇ.പി. മാധവൻ നായർ ആറ് പതിറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ അമ്മയുടെ പേരിൽ സ്ഥാപിച്ചതാണ് ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ്. അദ്ദേഹത്തിന്റെ കാലശേഷവും പിന്മുറക്കാർ സേവനപാത പിന്തുടരുന്നതിന്റെ ഉദാഹരണം കൂടിയാണ് ഇരുനില കെട്ടിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.