ട്രെയിൻ യാത്രക്കിടെ യുവാവ് കഴുത്ത് മുറിച്ച നിലയിൽ
text_fieldsഒറ്റപ്പാലം: ട്രെയിൻ യാത്രക്കിടെ കഴുത്ത് മുറിച്ച നിലയിൽ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. തിരുവാരൂർ ജില്ലയിലെ മാമൻ ഗുഡി താലൂക്കിൽ പൈക്കാണ്ടൂർ രാമകൃഷ്ണന്റെ മകൻ പ്രവീണിനെയാണ് (27) ഗുരുതരാവസ്ഥയിൽ ഒറ്റപ്പാലം സ്റ്റേഷനിൽ എത്തിച്ചത്.
ചെന്നൈ-മംഗലാപുരം എഗ്മൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനായ ഇയാൾ ജനറൽ കമ്പാർട്ടുമെന്റിലെ ശുചിമുറിയിൽ കയറി കുപ്പി പൊട്ടിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നത്രെ. കഴുത്തിൽ രക്തമൊഴുകുന്ന നിലയിൽ പുറത്ത് വന്നതോടെ സഹയാത്രികർ പരിഭ്രാന്തരായി ചങ്ങല വലിച്ച് വണ്ടി നിർത്തിച്ചു. ലെക്കിടിയിലാണ് ട്രെയിൻ നിർത്തിയത്. വിവരമറിഞ്ഞ് റെയിൽവേ സുരക്ഷാസേന ട്രെയിൻ ഒറ്റപ്പാലത്തേക്ക് എത്തിച്ചാണ് യുവാവിനെ പുറത്തിറക്കിയത്.
ഷൊർണൂർ റെയിൽവേ പൊലീസ് തയാറാക്കി നിർത്തിയിരുന്ന ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് അവശ നിലയിലായ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കോഴിക്കോട് തിരുവമ്പാടിയിലെ നിർമാണ കമ്പനിയിൽ ജോലിക്കാരനാണ് ഇയാൾ എന്നറിയുന്നു.. ബന്ധുക്കളെ അറിയിച്ചതായി ഷൊർണൂർ റെയിൽവേ പൊലീസ് എസ്.ഐ അനിൽ മാത്യു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.