അമ്പലപ്പാറ ഖാദി കേന്ദ്രം നിലനിൽപ്പ് ഭീഷണിയിൽ
text_fieldsഒറ്റപ്പാലം: കോഴിക്കോട് ആസ്ഥാനമായ കേരള സർവോദയ സംഘത്തിന് കീഴിൽ അമ്പലപ്പാറയിൽ പ്രവർത്തിക്കുന്ന ഖാദി കേന്ദ്രത്തിന്റെ നിലനിൽപ്പ് ഭീഷണിയിൽ. കേന്ദ്രത്തിന് കീഴിൽ ജോലിയെടുത്തിരുന്ന 150 വനിതകളിൽ 125 പേർക്കും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയാണ്. കേന്ദ്രത്തിന് കീഴിൽ 25 പേർ മാത്രമാണ് ഇപ്പോൾ നെയ്ത്തുകാരായുള്ളത്.
നൂൽനൂൽപ്പിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിച്ചിരുന്നത് തൃശൂർ ഖാദി കമീഷനിൽ നിന്നാണ്. എന്നാൽ, ഇവിടെനിന്ന് അസംസ്കൃത വസ്തുക്കൾ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. അസംസ്കൃത വസ്തുക്കൾ വാങ്ങിയ ഇനത്തിൽ ആറ് ലക്ഷം രൂപ കുടിശ്ശികയുള്ളതാണ് കാരണം. ഉത്സവ വേളകളിൽ നൽകുന്ന റിബേറ്റ് ഇനത്തിൽ കേരള സർവോദയ സംഘത്തിന് സർക്കാറിൽനിന്ന് ലഭിക്കാനുള്ളത് രണ്ട് കോടിയോളം രൂപയാണ്. തൃശൂർ ഖാദി കമീഷന് കുടിശ്ശിക കൊടുത്തുതീർത്താൽ അസംസ്കൃത വസ്തുക്കൾ ലഭിച്ചുതുടങ്ങും.
നിലവിൽ നേരിടുന്ന 125 വനിതകളുടെ തൊഴിൽ നഷ്ടത്തിനും ഇതോടെ പരിഹാരമാകും. കുറഞ്ഞ വേതനമാണെങ്കിലും ലഭിച്ചിരുന്ന സ്ഥിര വരുമാനം നഷ്ടമായത് ഇവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഒപ്പിട്ട നിവേദനം വി.കെ. ശ്രീകണ്ഠൻ എം.പിക്ക് സമർപ്പിച്ച് കാത്തിരിക്കുകയാണവർ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിലെ നെയ്ത്തുജോലി പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചിക്ക് വി.കെ. ശ്രീകണ്ഠൻ കത്ത് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.