ജൽജീവൻ പദ്ധതി; മുടങ്ങിക്കിടന്ന ഭൂഗർഭ പൈപ്പിടൽ പുരോഗമിക്കുന്നു
text_fieldsഒറ്റപ്പാലം: റോഡ് പരിപാലന കാലാവധിയുടെ പേരിൽ മുടങ്ങിക്കിടന്ന ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കൽ അമ്പലപ്പാറയിൽ പുരോഗമിക്കുന്നു. ജൽജീവൻ പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറയിൽ നിന്നും വേങ്ങശ്ശേരി ഭാഗത്തേക്ക് കൂറ്റൻ ഭൂഗർഭ കുഴലുകൾ സ്ഥാപിക്കുന്നതാണ് നേരത്തെ തടസ്സപ്പെട്ടത്.
ബി.എം ആൻഡ് ബി.സി അടിസ്ഥാനത്തിൽ നിർമിച്ച പാതയുടെ പരിപാലന കാലാവധി തീരാതെ റോഡ് വെട്ടിപൊളിക്കാൻ അനുവദിക്കാതിരുന്നതാണ് പൈപ്പിടലിന് വിനയായത്.
അമ്പലപ്പാറ ജങ്ഷൻ മുതൽ മണ്ണൂർ ജങ്ഷൻ വരെ നീളുന്ന 10.726 കിലോ മീറ്റർ പാതയുടെ പരിപാലന കാലാവധി 2021 ഡിസംബർ 20 മുതൽ 2023 ഡിസംബർ 19 വരെ ആയിരുന്നു.
ഇക്കാലയളവിൽ റോഡിനുണ്ടാകുന്ന കേടുപാടുകൾക്ക് ഉത്തരവാദിത്വം കരാറുകാരനായതാണ് തടസ്സത്തിന് ഇടയാക്കിയത്.
എന്നാൽ, കരാർ കാലാവധി തീരും മുമ്പ് പൈപ്പിടൽ പൂർത്തിയാക്കാൻ ആവശ്യമായ ചർച്ചകൾ നടന്നിരുന്നതിന്റെ ഫലമായി വേങ്ങശ്ശേരി പ്രദേശങ്ങളിൽ പൈപ്പിടൽ ഇതിനകം പൂർത്തിയാക്കിയതായി അമ്പലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിജയലക്ഷ്മി പറഞ്ഞു. ഡിസംബർ 31നകം പ്രധാന പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ജല അതോറിറ്റി. പാറ പ്രദേശങ്ങളായതിനാൽ ജി.ഐ. പൈപ്പുകൾ സ്ഥാപിക്കേണ്ടി വരുന്നതും പദ്ധതിയുടെ മെല്ലെപ്പോക്കിന് ആക്കം കൂട്ടുന്നതായി അധികൃതർ അറിയിച്ചു. വീടുകൾ തമ്മിലുള്ള വലിയ അകലം കണക്ഷൻ നൽകാനുള്ള പൈപ്പുകളുടെ എണ്ണക്കൂടുതലും പ്രതിസന്ധി സൃഷ്ടിക്കുന്നു. അമ്പലപ്പാറ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികളുടെ ഭാഗമായ പ്രവൃത്തികൾ മുക്കാലും പൂർത്തിയായിട്ടുണ്ട്. കടമ്പൂർ പ്രദേശത്ത് 11.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെ അവസാനഘട്ട നിർമാണം പുരോഗമിക്കുകയാണ്. കടമ്പൂർ പ്രദേശത്ത് 11.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെ നിർമാണവും പൈപ്പിടലും ഉൾപ്പടെ പൂർത്തിയായി. 10 കോടി രൂപ ചെലവിൽ നിർമിച്ച പദ്ധതിയുടെ ഒന്നാംഘട്ടം 2019 മാർച്ച് അഞ്ചിന് നാടിന് സമർപ്പിച്ചിരുന്നു. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന അമ്പലപ്പാറ പഞ്ചായത്തിൽ ജലജീവൻ പദ്ധതി ഏറെ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.