തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുത്തി കിടന്ന മരം മുറിച്ചുനീക്കി
text_fieldsഒറ്റപ്പാലം: രണ്ടാഴ്ചയിലേറെയായി കണ്ണിയംപുറം തോടിന് കുറുകെ ഒഴുക്ക് തടസ്സപ്പെടുംവിധം വീണുകിടന്ന മരം മുറിച്ചുനീക്കി. മരം നീക്കം ചെയ്തതോടെ ശാന്തി നഗറിലെ 45ഓളം കുടുംബങ്ങളുടെ ആധിയാണ് ഒഴിഞ്ഞത്. ഒഴുകിയെത്തിയ മരം സൃഷ്ടിച്ച ദുരിതം ശാന്തി നഗർ നിവാസികൾക്ക് മറക്കാറായിട്ടില്ല. 2018ലും 2019ലും കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തേക്ക് പുഴയിലെ വെള്ളപ്പാച്ചിലെത്താൻ ഇടയാക്കിയത് മരങ്ങളും മറ്റും തോടിന് കുറുകെ വീണുകിടന്നതാണ്.
ഒഴുക്ക് തടസ്സപ്പെട്ടതോടെ വെള്ളം വീടുകളിലേക്ക് കയറി. അർധരാത്രി വീട് ഉപേക്ഷിച്ച് കുടുംബങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നതിന്റെ ദുരനുഭവം തുലാമഴയിൽ ആവർത്തിക്കുമോ എന്നതായിരുന്നു ഇവരുടെ ഭീതി.
തോട് ഒഴുകുന്ന പ്രദേശങ്ങളിൽനിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളും വീണുകിടക്കുന്ന മരത്തിൽ അടിഞ്ഞുകൂടുന്നത് മൂലമാണ് ഒഴുക്ക് തടസ്സപ്പെടുന്നത്. പ്രദേശവാസികളുടെ സമ്മർദത്തെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കിയത്. കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലം തോടുകളുടെ വശങ്ങൾ കരിങ്കൽ കെട്ടി സംരക്ഷിക്കാൻ 20 കോടി രൂപ അനുവദിച്ചെന്ന് മുൻ എം.എൽ.എ പി. ഉണ്ണി അറിയിച്ചിരുന്നതാണ്. എന്നാൽ, പ്രഖ്യാപനത്തിനപ്പുറത്തേക്ക് നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.