വ്യാജ കെട്ടിട പെർമിറ്റ് ചമച്ച് പണം തട്ടി: എൻജിനീയർ അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: കെട്ടിട നിർമാണ പെർമിറ്റ് വ്യാജമായി നിർമിച്ചുനൽകി വീട്ടുടമയെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ എൻജിനീയർ പൊലീസ് പിടിയിൽ. കൂനത്തറ തോപ്പിൽ വീട്ടിൽ അനീഷിനെയാണ് (39) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയംകുളം പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂനത്തറ വെട്ടുകാട്ടിൽ സബിൻ നിർമിക്കുന്ന പുതിയ വീടിന് വാണിയംകുളം പഞ്ചായത്തിന്റെ പേരിൽ വ്യാജ പെർമിറ്റ് തയാറാക്കി നൽകി പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. കൈവശമുള്ള പെർമിറ്റിന്റെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കിയ ഉടമ കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി ഇക്കഴിഞ്ഞ മേയിൽ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചപ്പോഴാണ് കബളിപ്പിക്കൽ പുറത്തായത്. പഞ്ചായത്ത് അനുവദിച്ച മറ്റൊരു പെർമിറ്റ് എഡിറ്റ് ചെയ്ത് പേരും വിലാസവും ഉൾപ്പടെ തിരുത്തി സബിന് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പെർമിറ്റ് വ്യാജമാണെന്നു വ്യക്തമായതോടെ കെട്ടിട ഉടമ വാണിയംകുളം പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ച് വിവരങ്ങൾ അറിയിച്ചു. തുടർന്നാണ് സെക്രട്ടറിയുടെ പരാതിയിൽ മേയ് 28ന് എഫ്.ഐ. ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇലക്ട്രോണിക് രേഖകൾ ഉൾപ്പടെ പൊലീസ് പരിശോധിച്ച ശേഷമാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.